ദില്ലി : പ്രധാനമന്ത്രിക്കെതിരെ ‘മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’ പ്രചാരണവുമായി ആംആദ്മി പാര്‍ട്ടി. ജന്തര്‍മന്തറില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലാണ് പ്രചാരണം. മൂന്ന് ദിവസം മുൻപാണ് പ്രധാനമന്ത്രിക്കെതിരെ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ദില്ലി പൊലീസ് കേസുകളും രജിസ്റ്റർ ചെയ്തു. പോസ്റ്റര്‍ പതിച്ചതുമായി ബന്ധപ്പെട്ട് 136 പേര്‍ക്കെതിരെയാണ് ഇതുവരെ കേസെടുത്തത്. ആംആദ്മി പാര്‍ട്ടിയുടെ ദേശീയ ആസ്ഥാനത്ത് നിന്ന് രണ്ടായിരം പോസ്റ്ററുകളുമായി ഒരു വാനും പിടിച്ചെടുത്തു.
പോസ്റ്ററിനെതിരെ ബിജെപി രംഗത്ത് എത്തിയതോടെ വലിയ രാഷ്ട്രീയപോരിലേക്കെത്തി. ഇതോടെ മോദിക്കെതിരായ പ്രചാരണം എഎപി പരസ്യമാക്കി. ദില്ലി ജന്തർമന്തറിൽ ‘മോദിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ’ എന്ന പ്ലക്കാര്‍ഡുകളുമായി കെജ്രിവാളിന്റെ നേതൃത്വത്തിൽ നിരവധി പ്രവര്‍ത്തകര്‍ അണിനിരന്നു. വരുന്ന മുപ്പതിന് രാജ്യവ്യാപകമായി പോസ്റ്റര്‍ പതിക്കാനും ആംആദ്മി പാര്‍ട്ടി ആഹ്വാനം ചെയ്തു.
മുന്‍ മന്ത്രിമാരായ സത്യേന്ദ്രജയിന്‍, മനീഷ് സിസോദിയ എന്നിവരെ ജയിലിലടച്ചതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനോടുള്ള തുറന്ന പോരിലാണ് ആംആദ്മി പാര്‍ട്ടി. ആ പ്രതിഷേധത്തെ പുതിയ തലത്തിലേക്ക് എത്തിക്കുകയാണ് പോസ്റ്റർ പ്രതിഷേധത്തിലൂടെ കെജ്രിവാൾ. കേസെടുത്താലും പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് രാജ്യവ്യാപകമായി പോസ്റ്റർ പതിക്കാനുള്ള ആഹ്വാനത്തോടെ എഎപി തുറന്ന് കാണിക്കുന്നത്. ഇതിനിടെ കെജ് രിവാളിനെ പുറത്താക്കൂ, ദില്ലി രക്ഷിക്കൂ എന്ന് എഴുതി പോസ്റ്റുറുകളും ദില്ലിയിൽ പ്രത്യക്ഷപ്പെട്ടു. ആംആദ്മി പാർട്ടിയുടെ ഓഫീസിന് പുറത്താണ് ബിജെപി നേതാവായ മഞ്ജീന്ദർ സിങ് സിർസയുടെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.