തിരുവനന്തപുരം: പോത്തന്‍കോട് സുധീഷ് കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷ് അടക്കം 11 പ്രതികളാണ് കേസിലുള്ളത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
കഴിഞ്ഞ ഡിസംബര്‍ 11-ാം തീയതിയാണ് പോത്തന്‍കോട് കല്ലൂരില്‍ സുധീഷ് എന്ന യുവാവിനെ ഒരു സംഘം അതിക്രൂരമായി വെട്ടിക്കൊന്നത്. അക്രമിസംഘത്തെ കണ്ട് ഒരു വീട്ടില്‍ ഓടിയൊളിച്ച സുധീഷിനെ, പിന്തുടര്‍ന്നെത്തിയ സംഘം മാരകമായി വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. പിന്നാലെ സുധീഷിന്റെ കാലും വെട്ടിമാറ്റിയാണ് പ്രതികള്‍ കടന്നുകളഞ്ഞത്. വെട്ടിയെടുത്ത കാല്‍ നാട്ടുകാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച് വാഹനങ്ങളില്‍ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
കേസില്‍ ഒട്ടകം രാജേഷ് അടക്കമുള്ളവരാണ് പ്രതികളെന്ന് പോലീസിന് പ്രാഥമിക ഘട്ടത്തില്‍തന്നെ വിവരം ലഭിച്ചിരുന്നു. എന്നാല്‍ സംഭവത്തിന് പിന്നാലെ ഒളിവില്‍പോയ ഒട്ടകം രാജേഷിനെ ദിവസങ്ങള്‍ക്ക് ശേഷമാണ് പിടികൂടാനായത്. രണ്ടാഴ്ചയെടുത്താണ് കേസിലെ 11 പ്രതികളെയും പോലീസ് പിടികൂടിയത്. ഒട്ടകം രാജേഷിനെ തിരഞ്ഞുപോയ പോലീസ് സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ് ഒരു പോലീസുകാരന് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു.