തിരുവനന്തപുരം : നാടിനെ നടുക്കിയ തിരുവനന്തപുരം പോത്തൻകോട് സുധീഷ് കൊലക്കേസിലെ പ്രധാന സാക്ഷി കൂറുമാറി. രഹസ്യ മൊഴി വരെ മാറ്റി പറഞ്ഞ സാക്ഷിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു. 2021 ഡിസംബര്‍ 11നായിരുന്നു തലസ്ഥാനത്തെയാകെ ഞെട്ടിച്ച കൊലപാതകം. പോത്തൻകോട് സ്വദേശി സുധീഷിനെ കൊലപ്പെടുത്തിയേ ശേഷം പ്രതികൾ കാൽ വെട്ടിയെടുത്ത് റോഡിലൂടെ നടന്ന കൊലക്കേസിന്റെ വിചാരണ ആരംഭിച്ചതേയുള്ളൂ. ആദ്യ ദിവസം തന്നെ പ്രധാന സാക്ഷി കൂറുമാറുകയായിരുന്നു. കേസിലെ രണ്ടാം സാക്ഷിയും ദൃക്സാസാക്ഷിയുമായ അജിലാലാണ് പ്രിൻസിപ്പിൽ സെഷൻസ് കോതിയിൽ കൂറുമാറിയത്.
കേസിലെ ഒന്നാം സാക്ഷി സജീവ് ഗൾഫിൽ ആയത് കാരണം രണ്ടാം സാക്ഷി അജിലാലിനെയാണ് ഒന്നാം സാക്ഷിയായി വിസ്തരിച്ചത്. സജീവിന്റെ വീട്ടിൽ അജിലാൽ ഇരിക്കുമ്പോൾ ആയിരുന്നു ഒന്നാം പ്രതി മങ്കാട്ടുമൂല ഉണ്ണിയുടെ നേതൃത്ത്വത്തിലുള്ള പ്രതികൾ വീട്ടിലേക്ക് ഓടിക്കയറി സുധീഷിനെ വെട്ടികൊലപ്പെടുത്തിയത്. ഒന്നാം പ്രതി ഉണ്ണി ഇടത് കാൽ വെട്ടി റോഡിലൂടെ കൊണ്ടുപോയത് കണ്ടതായി പോലീസിന് നൽകിയ മൊഴിയാണ് സാക്ഷി കോതിയിൽ മാറ്റി പറഞ്ഞത്. പൊലീസിൽ മാത്രമല്ല മജിസ്ട്രേറ്റിന് മുൻപിലിൽ രഹസ്യ മൊഴി നൽകിയ സാക്ഷി കൂടിയാണ് കൂറുമാറിയ അജിലാൽ.
സാക്ഷിക്ക് കൊല്ലപ്പെട്ട സുധീഷിന്റെ സഹോദരനിൽ നിന്നും ഭീഷണിയുണ്ടെന്ന് കോടതിയെ അറിയച്ചതിന് തുടർന്ന് സാക്ഷിക്ക് പൊലീസ് സംരക്ഷണം നൽകുവാൻ കോടതി പോത്തൻകോട് പോലീസിന് നിർദ്ദേശം നൽകി. രഹസ്യ മൊഴി വരെ മാറ്റി പറഞ്ഞ സാക്ഷിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ഡോ. ഗീന കുമാരി അറിയിച്ചു. സുധീഷ് എന്ന മാട്ടുമൂല ഉണ്ണി, മിട്ടായി ശ്യം എന്ന ശ്യം , ഒട്ടകം രാജേഷ് എന്ന രാജേഷ്, നിധീഷ് , നന്ദീഷ്, രഞ്ജിത്ത്, നന്ദു എന്ന ശ്രീജിത്ത്, വിഷണു എന്ന സൂരജ്, ഡാമി എന്ന അരുൺ , ജിഷ്ണു പ്രദീപ്, സച്ചിൻ എന്നീ പതിനൊന്ന് പ്രതികളാണ് വിചാരണ നേരിടുന്നത്. കേസിൽ നേരത്ത സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി അഡ്വ.വിനീത് കുമാറിനെ സർക്കാർ നിയമിച്ചിരുന്നുവെങ്കിലും അദ്ദേഹം രാജിവച്ചിരുന്നു. വിചാരണ നാളെയും തുടരും.