ദില്ലിയിലെ ഭരണാധികാരം സംബന്ധിച്ച തർക്കം വീണ്ടും നിയമപോരാട്ടത്തിലേക്ക്. സുപ്രിം കോടതി ഭരണഘടന ബെഞ്ചിൻ്റെ വിധിയിൽ പുനപരിശോധന ആവശ്യപ്പെട്ട് കേന്ദ്രം ഹർജി നൽകി .ഇന്നലെ ഓർഡിനൻസ് ഇറക്കിയതിന് പിന്നാലെയാണ് ഹർജി.സുപ്രീം കോടതി വിധിയിലൂടെ ദില്ലി സർക്കാരിന് കിട്ടിയ അധികാരം മറികടക്കാനാണ് പുതിയ ഓർഡിനൻസിറക്കിയത്.സ്ഥലം മാറ്റം നിയമനം എന്നിവയ്ക്ക് പുതിയ അതോറിറ്റി രൂപീകരിച്ചിട്ടുണ്ട്.മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി ,ആഭ്യന്തര സെക്രട്ടറി എന്നിവരാണ് അതോറിറ്റിയിലെ അംഗങ്ങൾ .അംഗങ്ങൾ തമ്മിൽ വിഷയത്തിൽ അഭിപ്രായ വ്യത്യാസം വന്നാൽ ലഫ്.ഗവർണർക്ക് അന്തിമ തീരുമാനമെടുക്കാമെന്നും ഓർഡിനൻസില്‍ പറയുന്നു.സുപ്രീംകോടതി വിധി ദില്ലിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് ആണ് അധികാരമെന്ന് വ്യക്തമാക്കുന്നതായിരുന്നു. ഉദ്യോഗസ്ഥ നിയമനം , സ്ഥലം മാറ്റം എന്നീ കാര്യങ്ങളിൽ സർക്കാരിന്‍റെ ഈ അധികാരം വെട്ടിക്കുറയ്ക്കാനാണ് പുതിയ ഓർഡിനൻസിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
ഓർഡിനൻസിനെതിരെ ആംആദ്മി പാര്‍ട്ടി സുപ്രിം കോടതിയെ സമീപിച്ചേക്കും.ഇതിനായി കൂടിയാലോചന തുടങ്ങി .കേന്ദ്രനടപടി ജനാധിപത്യവിരുദ്ധമെന്ന് എഎപി വിമർശിച്ചു. സുപ്രീം കോടതി വിധിയോട് പോലും പ്രധാനമന്ത്രിക്ക് അസഹിഷ്ണുതയാണ്.ദില്ലിസർക്കാരിന് കൂടുതൽ അധികാരം നല്കിയ വിധി മറിക്കടക്കാനാണ് കേന്ദ്രം ഓർഡിനൻസ് കൊണ്ടുവന്നതെന്നും എഎപി കുറ്റപ്പെടുത്തി.