ദീർഘകാലത്തേക്ക് നിക്ഷേപിച്ച് നേട്ടം കൈവരിക്കാനാകുന്ന ഒരു സേവിംഗ്സ് സ്കീമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. എന്നാൽ പെട്ടന്ന് പണം ആവശ്യമായി വന്നാൽ എന്തുചെയ്യും. അങ്ങനെ വരുമ്പോൾ ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് പിപിഎഫ് വായ്പ. വ്യക്തിഗത വായ്പയേക്കാൾ വളരെ കുറഞ്ഞ പലിശ നിരക്കിലാണ് പിഎഫ്എഫ് വായ്പയ്ക്ക് നൽകേണ്ടത്. മാത്രവുമല്ല, പിപിഎഫ് അക്കൗണ്ടിൽ നിക്ഷേപിച്ച തുകയുടെ ഈടിലാണ് വായ്പ നൽകുന്നത് എന്നതിനാൽ, വേറെ ഈടൊന്നും നൽകേണ്ടതില്ല .
പിപിഎഫ് വായ്പ പലിശ
പിപിഎഫ് അക്കൗണ്ടിന്റെ പലിശയേക്കാൾ ഒരു ശതമാനം കൂടുതലാണ് പിപിഎഫ് വായ്പയുടെ പലിശ. അതായത് പിപിഎഫ് അക്കൗണ്ടിൽ 7.1 ശതമാനം പലിശ റിട്ടേൺ ലഭിക്കുകയാണെങ്കിൽ, പിപിഎഫ് ലോണിന് 8.1 ശതമാനം പലിശ നൽകണം. പിപിഎഫ് വായ്പയുമായി താരതമ്യപ്പെടുത്തുമ്പോൾ, വ്യക്തിഗത വായ്പയുടെ പലിശ നിരക്ക് 10.50 ശതമാനം മുതൽ 17 അല്ലെങ്കിൽ 18 ശതമാനം വരെയാകാം. വായ്പയുടെ തിരിച്ചടവ് കാലാവധി മൂന്ന് വർഷമാണ്. എന്നാൽ 36 മാസത്തിനുള്ളിൽ വായ്പ തിരിച്ചടയ്ക്കാൻ കഴിയുന്നില്ലെങ്കിൽ, പിഴയായി, പിപിഎഫ് തുകയുടെ പലിശയേക്കാൾ 6 ശതമാനം അധിക നിരക്കിൽ വായ്പ തിരിച്ചടയ്ക്കേണ്ടി വരും.
വായ്പ നിബന്ധനകൾ
പിപിഎഫ് അക്കൗണ്ട് തുടങ്ങി ഒരു സാമ്പത്തിക വർഷം പൂർത്തിയായാൽ മാത്രമേ പിപിഎഫ് ലോണിന് അപേക്ഷിക്കാൻ കഴിയൂ.പിപിഎഫ് അക്കൗണ്ട് അഞ്ച് വർഷം പൂർത്തിയാകുമ്പോൾ, ലോൺ സൗകര്യം ലഭിക്കില്ല. ഇതിന് ശേഷം പിപിഎഫ് തുക ഭാഗികമായി പിൻവലിക്കാമെന്നുള്ളതിനാലാണിത്.പിപിഎഫ് അക്കൗണ്ടിൽ ലഭ്യമായ തുകയുടെ 25 ശതമാനം മാത്രമേ വായ്പയായി എടുക്കാൻ കഴിയൂ. ഒരു തവണ മാത്രമേ വായ്പയെടുക്കാനാകൂ.
വായ്പയ്ക്ക് എങ്ങനെ അപേക്ഷിക്കാം?
നിങ്ങളുടെ പിപിഎഫ് അക്കൗണ്ടുള്ള ബാങ്കിൽ വായ്പക്ക് അപേക്ഷിക്കാം. അപേക്ഷയിൽ ലോൺ തുകയും തിരിച്ചടവ് കാലാവധിയും എഴുതണം. ഇതിന് മുമ്പ് എന്തെങ്കിലും വായ്പ എടുത്തിട്ടുണ്ടെങ്കിൽ, അത് ഫോമിൽ രേഖപ്പെടുത്തേണ്ടതുണ്ട്. ഇതിനുശേഷം, പിപിഎഫ് പാസ്ബുക്ക് സമർപ്പിക്കണം.എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം, വായ്പ ലഭിക്കാൻ ഒരാഴ്ച കാലതാമസമുണ്ടാകും.