കോഴിക്കോട്: അധികാരഘടനയെ ചോദ്യംചെയ്യുന്ന കലാപത്തിന്റെ കനലാവണം കവിതയെന്ന് കവി പ്രഭാവർമ പറഞ്ഞു. കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള അധികാരഘടനയെ തകർത്ത് സമത്വത്തിന്റേതായ വ്യവസ്ഥ സൃഷ്ടിക്കാനാണ് കവികൾ ശ്രമിക്കേണ്ടത്. അത് ജീവിതത്തിന്റെ പ്രകാശമാണ്. ഔഷധങ്ങൾക്ക് കഴിയാത്തത് കാവ്യത്തിന് കഴിയും.
കലാപത്തിന്റെ കനൽ എഴുത്തിൽ കൊണ്ടുവന്ന കവിയായിരുന്നു എഴുത്തച്ഛൻ. പൗരോഹിത്യത്തിന്റെ കാലത്ത് ദൈവം എല്ലാവർക്കും അവകാശപ്പെട്ടതാണെന്ന് പറയാൻ അദ്ദേഹത്തിന് സാധിച്ചു. രാമായണത്തിൽ കൊല്ലണമെന്നും കൊല്ലരുതെന്നും സന്ദേശമുണ്ട്. ഒന്ന് പൗരോഹിത്യത്തിന്റെതാണ്. മറ്റേത് വനവാസിയുടേതും. അതിൽ ഏത് കൈക്കൊള്ളണമെന്ന് യുക്തിയുടെ വെളിച്ചത്തിൽ സ്വീകരിക്കാൻ വായനക്കാരന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കെ പി കേശവമേനോൻ ഹാളിൽ നടന്ന പരിപാടിയിൽ കെ പി രാമനുണ്ണിയും സംസാരിച്ചു.