വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ടവർക്കായി തെലുങ്ക് സൂപ്പർ താരം പ്രഭാസിന്റെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രഭാസ് സംഭാവന നൽകി. രണ്ട് കോടി രൂപയാണ് താരം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ഈ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ഒട്ടനവധി മലയാളികളാണ് പ്രിയ താരത്തിന് നന്ദി അറിയിച്ച് കൊണ്ട് രംഗത്ത് എത്തുന്നത്. നേരത്തെ പ്രളയ വേളയില്‍ ഒരു കോടി രൂപ പ്രഭാസ് കേരളത്തിന് നല്‍കിയിരുന്നു.
മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളില്‍ നടന്ന ഉരുള്‍പൊട്ടലില്‍ കാണാതായവരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്. അതേസമയം, തെലുങ്ക് സിനിമാ മേഖലയിൽ നിന്നും നേരത്തെ ചിരഞ്ജീവിയും രാം ചരണും ചേർന്ന് ഒരു കോടി രൂപയും അല്ലു അർജുൻ ഇരുപത്തി അഞ്ച് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു.
ഒട്ടനവധി സിനിമാ താരങ്ങളാണ് ഇതിനോടകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി കഴിഞ്ഞത്. മമ്മൂട്ടി ഇരുപത് ലക്ഷവും ദുൽഖർ പതിനഞ്ച് ലക്ഷവും നൽകിയിരുന്നു. പിന്നീട് വേണ്ടുന്ന സഹായങ്ങൾ ചെയ്യാമെന്ന് മമ്മൂട്ടി ഉറപ്പും നൽകിയിരുന്നു. മോഹൻലാൽ ഇരുപത്തി അഞ്ച് ലക്ഷവും വിശ്വശാന്തി ഫൗണ്ടേഷന്റെ കീഴിൽ മൂന്ന് കോടിയും സംഭാവന നൽകി. കാർത്തി, സൂര്യ, ജ്യോതിക എന്നിവർ ചേർന്ന് അൻപത് ലക്ഷം കൈമാറി. വിക്രം, കമൽഹാസൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ, നസ്രിയ, നയൻതാര, വിഘ്നേശ് ശിവൻ, പേളി മാണി, ആസിഫ് അലി, ടൊവിനോ തോമസ് തുടങ്ങി ഒട്ടനവധി താരങ്ങളും സംഭാവന നൽകിയിട്ടുണ്ട്.
കല്‍ക്കിയാണ് പ്രഭാസിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത ദൃശ്യവിസ്മയം സമ്മാനിച്ച ചിത്രം സംവിധാനം ചെയ്തത് നാഗ് അശ്വിന്‍ ആയിരുന്നു. 1100 കോടിയോളം രൂപയാണ് ബോക്സ് ഓഫീസില്‍ നിന്നും ചിത്രം നേടിയത്. അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുകോണ്‍ തുടങ്ങി ഒട്ടനവധി താരനിര കല്‍ക്കിയില്‍ അണിനിരന്നിരുന്നു.