പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇത്തവണത്തെ യുഎസ് സന്ദര്‍ശനം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. നയതന്ത്ര പ്രോട്ടോക്കോള്‍ പ്രകാരം മുന്‍ യാത്രകളെ അപേക്ഷിച്ച് ഈ യുഎസ് സന്ദര്‍ശനത്തിന് വലിയ പ്രാധാന്യമാണുള്ളത്. 14 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അമേരിക്കയുടെ ഔദ്യോഗിക സ്റ്റേറ്റ് സന്ദര്‍ശനത്തിനുള്ള അവസരം ലഭിക്കുന്നത്. ഇതിന് മുന്‍പ് 2009ലെ പ്രസിഡന്റ് ബറാക് ഒബാമയാണ്, അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ഔദ്യോഗിക സന്ദര്‍ശനത്തിന് ക്ഷണിച്ചത്.
ജോ ബൈഡന്‍ നരേന്ദ്ര മോദിക്ക് നല്‍കിയ ഈ പുതിയ ക്ഷണം ലോകത്തെ വലിയ ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള അടുത്ത ബന്ധത്തിന്റെ തെളിവായാണ് വിലയിരുത്തപ്പെടുന്നത്. യുഎസിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷികള്‍ക്കായി മാറ്റി വച്ചിട്ടുള്ള ഒന്നാണ് സ്‌റ്റേറ്റ് വിസിറ്റ്. ഇത് പ്രസിഡന്റിന്റെ ക്ഷണപ്രകാരം മാത്രമാണ് സംഭവിക്കുന്നതും. ഇന്ത്യക്ക് അനുവദിച്ച അമേരിക്കന്‍ സ്‌റ്റേറ്റ് സന്ദര്‍ശനം ആഗോളതലത്തില്‍ രാജ്യത്തിന്റെ ഔന്നത്യത്തിന്റെ പ്രതിഫലനമായാണ് കണക്കാക്കുന്നത്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തിന് പരമപ്രധാനമാണ് ഈ സന്ദര്‍ശനം.
അമേരിക്കയില്‍ എത്തുന്ന നരേന്ദ്രമോദിയെ മേരിലാന്‍ഡിലെ ആന്‍ഡ്രൂസ് എയര്‍ഫോഴ്‌സ് ബേസ് വിമാനത്താവളത്തില്‍ ഫ്‌ളൈറ്റ് ലൈന്‍ ചടങ്ങോടെയാണ് സ്വീകരിക്കുക. മുതിര്‍ന്ന യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കും ഔപചാരിക സ്വീകരണം നല്‍കുക. അമേരിക്കയുടെ ഔദ്യോഗിക അതിഥിയായി, ഔദ്യോഗിക അതിഥി മന്ദിരമായ ബ്ലെയര്‍ ഹൗസിലാണ് മോദിക്ക് താമസമൊരുക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും എക്സ്‌ക്ലൂസീവ് ഹോട്ടല്‍ എന്നാണ് ബ്ലെയര്‍ ഹൗസിനെ വിശേഷിപ്പിക്കുന്നത്.
22ന് പ്രസിഡന്റ് ബൈഡനും പ്രഥമ വനിത ജില്‍ ബൈഡനും മോദിയെ ഔദ്യോഗികമായി വൈറ്റ് ഹൗസിലേക്ക് സ്വാഗതം ചെയ്യും. 200ലധികം ക്ഷണിക്കപ്പെട്ട അതിഥികളും ചടങ്ങില്‍ പങ്കെടുക്കും. സ്‌റ്റേറ്റ് സന്ദര്‍ശനത്തിന്റെ പ്രധാന ഹൈലൈറ്റാണ് പ്രസിഡന്റ് മോദിക്കായി ഒരുക്കുന്ന സ്‌റ്റേറ്റ് ഡിന്നര്‍. അമേരിക്കന്‍ ഇന്ത്യന്‍ രുചി പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്ന ഭക്ഷണപാനീയങ്ങളാണ് ഡിന്നറില്‍ ഉള്‍പ്പെടുത്തുക. പിന്നീട് യുഎസ് കോണ്‍ഗ്രസിന്റെയും സെനറ്റിന്റെയും സംയുക്ത സമ്മേളനത്തെ മോദി അഭിസംബോധന ചെയ്യും.