ന്യൂഡൽഹി: മോദി സർക്കാറിനെതിരെ ആഞ്ഞടിച്ച് മുസ് ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീർ എം.പി. മോദി സർക്കാറിനെ സ്തുതിക്കുന്നത് ഐസ് കട്ടയിൽ പെയിന്റടിക്കുന്നത് പോലെയെന്ന് ഇ.ടി പറഞ്ഞു.
സത്യത്തിനും ഇന്ത്യയിലെ യാഥാർഥ്യങ്ങൾക്കും ഘടകവിരുദ്ധമായ പ്രസംഗമാണ് സംയുക്ത പാർലമെന്‍റ് സമ്മേളനത്തിൽ രാഷ്ട്രപതി നടത്തിയത്. മഹത്തായ രാജ്യത്തിന് വലിയ കേടുപാടുകൾ ഏൽപ്പിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തതെന്നും ഇ.ടി കുറ്റപ്പെടുത്തി.
ബി.ജെ.പിയുടെ തകർച്ചയുടെ വലിയ ഉദാഹരണമാണ് ഫൈസാബാദ്. ബാബരി മസ്ജിത് തകർത്ത് രാമക്ഷേത്രം നിർമിച്ച അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിൽ ബി.ജെ.പി തകർന്നടിഞ്ഞത് ഉദാത്തമായ മാതൃകയാണ്. അയോധ്യയിലെ ഹിന്ദു സഹോദരന്മാർ പോലും ബി.ജെ.പിയെ ഇഷ്ടപ്പെടുന്നില്ല.
വലിയ രാഷ്ട്രീയ മാറ്റത്തിനാണ് 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. പ്രധാനമന്ത്രിക്കും ബി.ജെ.പിക്കും വലിയ ഇടിവാണ് സംഭവിച്ചത്. എന്നാൽ, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കരുത്തുറ്റ ഒരു പ്രതിപക്ഷത്തെ കാണാമെന്നും ഇ.ടി ചൂണ്ടിക്കാട്ടി.