ബംഗളൂരു: പ്രജ്വൽ രേവണ്ണ എം.പി, എച്ച്.ഡി. രേവണ്ണ എം.എൽ.എ എന്നിവർ പ്രതികളായ ലൈംഗിക അതിക്രമ വാർത്തകൾക്ക് നിയന്ത്രണം. രേവണ്ണയുടെ പിതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ, സഹോദരനും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി എന്നിവരുടെ പേരുകൾ വാർത്തകളിൽ ഉപയോഗിക്കുന്നതിനാണ് നിയന്ത്രണം.
ഗൗഡയും സ്വാമിയും ഇതുസംബന്ധിച്ച് നൽകിയ ഹരജി പരിഗണിച്ചാണ് ജില്ല സെഷൻസ് കോടതിയുടെ ഇടക്കാല ഉത്തരവ്. സംഭവത്തിൽ ഇരുവർക്കും ബന്ധമില്ലെന്ന് കോടതി നിരീക്ഷിച്ചു.
രേവണ്ണയുടെ വീട്ടിൽ എസ്.ഐ.ടി തെളിവ് ശേഖരണം
ബംഗളൂരു: ഹാസൻ മണ്ഡലം ജെ.ഡി.എസ് എം.പി പ്രജ്ജ്വൽ രേവണ്ണ, പിതാവ് മുൻമന്ത്രി എച്ച്.ഡി. രേവണ്ണ എം.എൽ.എ എന്നിവർക്കെതിരെ ലൈംഗിക അതിക്രമ പരാതി നൽകിയ സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) തെളിവ് ശേഖരണം നടത്തി.
രേവണ്ണയുടെ ബംഗളൂരു ബസവനഗുഡിയിലെ വീട്ടിലാണ് തെളിവ് ശേഖരണം നടത്തിയത്. പരാതിക്കാരിയെ രേവണ്ണ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു സ്ത്രീയുടെ മകൻ മൈസൂരു ജില്ലയിലെ കെ.ആർ നഗർ പൊലീസിൽ നൽകിയ പരാതി. രേവണ്ണയാണ് ഒന്നാംപ്രതി.
അതേസമയം, പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ടാംപ്രതി സതീഷ് ബാബണ്ണയെ അറസ്റ്റ്ചെയ്തു. ഇയാളെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി എട്ട് ദിവസം എസ്.ഐ.ടി കസ്റ്റഡിയിൽ വിട്ടു.
രേവണ്ണയുടെ സഹായിയായ ബാബണ്ണയാണ് തന്റെ മാതാവിനെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയതെന്ന് മകൻ മൈസൂരു ജില്ലയിലെ കെ.ആർ നഗർ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.
പ്രജ്ജ്വൽ രേവണ്ണ മത്സരിക്കുന്ന ഹാസൻ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് നടന്നതിന്റെ മൂന്നു ദിവസം മുമ്പ് രേവണ്ണയുടെ ഭാര്യ ഭവാനി രേവണ്ണ കാണണമെന്നു പറഞ്ഞു എന്നറിയിച്ചാണ് സതീഷ് തന്റെ മാതാവിനെ ആദ്യം കൂട്ടിക്കൊണ്ടുപോയതെന്നാണ് പരാതിയിലുള്ളത്. പൊലീസ് എത്ര ആവശ്യപ്പെട്ടാലും രേവണ്ണയുടെ വീടുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്തുവിടരുതെന്ന് മാതാവിനെയും പിതാവിനെയും താക്കീത് ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒമ്പതിന് സതീഷ് വീണ്ടും എത്തി മാതാവിനെ കൊണ്ടുപോയി. അവർക്കെതിരെ കേസുണ്ട്, വീട്ടിൽ നിന്നാൽ പൊലീസ് പിടിക്കും എന്ന് പറഞ്ഞായിരുന്നു അത്.
മാതാവിന്റെ ജീവന് ഭീഷണിയുണ്ടെന്ന് പരാതിയിൽ പറഞ്ഞിരുന്നു. ഈ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ രേവണ്ണയെ ശനിയാഴ്ച അദ്ദേഹത്തിന്റെ പിതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയുടെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
കേസിൽ ഇരകൾക്കായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഹെൽപ് ലൈൻ നമ്പർ ഏർപ്പെടുത്തി. 6360938947 എന്നതാണ് നമ്പർ. ഇരകൾ എസ്.ഐ.ടി ഓഫിസിൽ ഹാജരാകേണ്ടതില്ല. ആവശ്യപ്പെടുന്ന സ്ഥലത്ത് വനിത ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘം എത്തി അതീവ രഹസ്യമായി വിവരങ്ങൾ ശേഖരിക്കും.