നെടുമ്പാശേരി: കോൺഗ്രസ് ബിജെപിക്ക് കീഴടങ്ങുന്ന കാഴ്ചയാണ് വിവിധ സംസ്ഥാനങ്ങളിൽ കാണുന്നതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. ബിജെപിയെ നേരിടാൻ കോൺഗ്രസിന് ഭയമാണ്. അതിനുള്ള ശക്തി അവർക്ക് നഷ്ടമായെന്നും കാരാട്ട് പറഞ്ഞു. ചാലക്കുടി ലോകസഭാമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സി രവീന്ദ്രനാഥിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥമുള്ള പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യം, മതനിരപേക്ഷത, ഫെഡറലിസം എന്നിവയെ മോദിസർക്കാർ കടന്നാക്രമിച്ചു. ബിജെപി ഭരണമുള്ള സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരന്മാരായാണ് കണക്കാക്കുന്നത്. ഇത് ഇന്ത്യ മുഴുവൻ വ്യാപിപ്പിക്കാനാണ് ശ്രമം. തൃശൂരിൽ നാല് തവണ വന്ന പ്രധാനമന്ത്രി മണിപ്പൂർ ഇതുവരെ സന്ദർശിച്ചില്ല. സംസ്ഥാനങ്ങളുടെ അധികാരം കവരുകയാണ് കേന്ദ്രസർക്കാർ. ഇതിന്റെ ഏറ്റവലും വലിയ ഇരയാണ് കേരളം. കേരളത്തിന് അർഹമായ സാമ്പത്തിക വിഹിതം തടഞ്ഞു. സംസ്ഥാനത്തിന്റെ വികസന, ക്ഷേമ പ്രവർത്തനം തടയാൻ ഗവർണറെ ഉപയോഗിച്ചു. കേരളത്തിൽ ബിജെപി വർഗീയ അജണ്ട നടപ്പാക്കാൻ ശ്രമിക്കുകയാണ്.
എന്നാൽ കേന്ദ്രത്തിന്റെയും ആർഎസ്‌എസിന്റെയും കടന്നാക്രമണങ്ങൾക്കെതിരെയുള്ള മുന്നണി പോരാളിയാണ് കേരളം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യം രംഗത്തുവന്നും പ്രമേയം പാസാക്കിയതും എൽഡിഎഫ് നേതൃത്വത്തിലുള്ള കേരള സർക്കാരാണ്. എന്നാൽ സിഎഎക്കെതിരെ കോൺഗ്രസിന്റെ പ്രകടനപത്രികയിൽ മിണ്ടുന്നില്ല. ഫെഡറലിസത്തിനെതിരെയുള്ള കടന്നാക്രമണത്തിനെതിരെ ആദ്യം സുപ്രീംകോടതിയെ സമീപിച്ചതും കേരളമാണ്. കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കിയപ്പോൾ ഇതിനെതിരെ യുഡിഎഫ് എംപിമാർ ശബ്ദിച്ചില്ല. ഇന്ത്യ ഇന്ത്യയായി നിലനിൽക്കണമെങ്കിൽ ഈ തെരഞ്ഞെടുപ്പിൽ ബിജെപി തോൽക്കണം.
ആർഎസ്‌എസിനും ബിജെപിക്കും എതിരെയുള്ള പോരാട്ടം നയിക്കാൻ ഇടതുപക്ഷം വേണം. ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കപ്പെടാൻ പാർർലമെന്റിൽ ഇടതുപക്ഷത്തിന്റെ കരുത്ത് വർധിപ്പിക്കണമെന്നും കാരാട്ട് പറഞ്ഞു.