ദില്ലി: ലോക്സഭയിൽ പ്രതിഷേധിച്ചതിന് നാല് പേരെ വർഷ കാല സമ്മേളന കാലം മുഴുവൻ വിലക്കിയത് സാമ്പിളെന്ന് നടപടി നേരിട്ട ടി എൻ പ്രതാപൻ എംപി. ജി എസ് ടിക്കെതിരെ പ്രതികരിക്കാതെ ഇരിക്കാൻ വേണ്ടിയാണ് താനടക്കമുള്ള അംഗങ്ങളെ സസ്പെന്റ് ചെയ്തത്. എന്നാൽ നടപടിയിൽ ഭയന്ന് പിന്മാറില്ല. അഭിപ്രായപ്രകടനവും പ്രതിഷേധവും തുടരുക തന്നെ ചെയ്യും. പാർലമെന്റംഗങ്ങളെ എൽ കെ ജി കുട്ടികളെ പോലെ ട്രീറ്റ് ചെയ്യാൻ വന്നാൽ വകവെച്ച് കൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വിലക്കയറ്റ വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാൻ അനുവദിക്കാതെ ഇവർ എന്താണ് ചെയ്യുന്നതെന്ന് രമ്യ ഹരിദാസ് എംപി പ്രതികരിച്ചു. കോൺഗ്രസാണ് കേന്ദ്ര സർക്കാരിന്റെ മുഖ്യ ശത്രു. തങ്ങളെ സസ്പെൻഡ് ചെയ്താൽ പ്രതിഷേധം അവസാനിപ്പിക്കുമെന്നാണ് സർക്കാർ കരുതുന്നത്. അത് നടക്കില്ലെന്നും രമ്യ ഹരിദാസ് എംപി വ്യക്തമാക്കി. അംഗങ്ങളെ സസ്പെന്റ് ചെയ്ത സാഹചര്യത്തിൽ ഇന്ന് വൈകിട്ട് 7 മണിക്ക് ചേരുന്ന കോൺഗ്രസിന്റെ പാർലമെൻററി പാർട്ടി യോഗത്തിൽ തുടർ നടപടി ചർച്ച ചെയ്യും.
ലോക്സഭയിൽ പ്രതിഷേധിച്ചതിന് നാല് കോൺഗ്രസ് എംപിമാരെയാണ് ഇന്ന് ലോക്സഭാ സ്പീക്കർ സസ്പെന്റ് ചെയ്തത്. മാണിക്കം ടാഗോർ, ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, ജ്യോതി മണി എന്നീ നാല് കോൺഗ്രസ് എംപിമാരെയാണ് സസ്പെന്റ് ചെയ്തത്. ഈ വർഷകാല സമ്മേളനം അവസാനിക്കുന്നത് വരെയാണ് സസ്പെൻഷൻ. വിലക്കയറ്റം, ജിഎസ്ടി നിരക്ക് വർധന തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചതിനാണ് നടപടി.
രാജ്യത്ത് അരിക്കും പാലിനും വരെ ജിഎസ്ടി അധികമായി ഏർപ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണെന്ന് ടിഎൻ പ്രതാപൻ നടപടിക്ക് പിന്നാലെ കുറ്റപ്പെടുത്തിയിരുന്നു. രാജ്യത്ത് രൂക്ഷമായ വിലക്കയറ്റമാണ്. സാധാരണക്കാരുടെ ജീവിതം ദുസഹമാവുകയാണ്. ഈ കാര്യം ഏറെ കാലമായി പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ പാർലമെന്റിൽ അക്കാര്യം പറയാൻ പാടില്ലെന്നും അതിന് സ്വാതന്ത്ര്യമില്ലെന്നുമാണ് പറയുന്നത്. ജനങ്ങൾ ഇതൊക്കെ പറയാനാണ് ഞങ്ങളെ തെരഞ്ഞെടുത്ത് ഇങ്ങോട്ട് അയച്ചത്. പാർലമെന്റിന് അകത്തും പുറത്തും ശക്തമായ പ്രതിഷേധം ഇനിയും തുടരുമെന്നും ടിഎൻ പ്രതാപൻ എംപി വ്യക്തമാക്കി.
കഴിഞ്ഞ കുറേ ദിവസമായി വിലക്കയറ്റം പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെടുകയാണെന്ന് രമ്യ ഹരിദാസ് എംപി പറഞ്ഞു. ഓട്ടോറിക്ഷാ തൊഴിലാളിക്ക് ഇന്ധനമടിച്ചാൽ ബാക്കി വരുമാനം കിട്ടാത്ത സ്ഥിതിയാണ്. സാധാരണക്കാർക്ക് പാലും അരിയും വാങ്ങി ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണ്. പാവപ്പെട്ട അമ്മമാരുടെയും സാധാരണക്കാരുടെയും വിഷയം ചർച്ച ചെയ്യാതെ ബിസിനസുകാരുടെ പ്രശ്നങ്ങൾ മാത്രം ചർച്ച ചെയ്തിട്ട് എന്താണ് കാര്യം? ജിഎസ്ടി നിരക്ക് വർധന പിൻവലിച്ചേ പറ്റൂ. ഞങ്ങളുയർത്തിയ പ്ലക്കാർഡിൽ വിലക്കയറ്റം മാത്രമാണ് ഉന്നയിച്ചത്. ഞങ്ങളുന്നയിച്ച ആവശ്യം ചർച്ച ചെയ്യാതെ സസ്പെന്റ് ചെയ്യുകയാണ്. പാർലമെന്റിന് അകത്താണെങ്കിലും പുറത്താണെങ്കിലും ശക്തമായ പ്രതിഷേധം തുടരുമെന്ന് രമ്യ ഹരിദാസ് വ്യക്തമാക്കി.