കണ്ണൂർ : രോഗലക്ഷണങ്ങളുള്ള വ്യക്തികൾക്ക് വീട്ടിലിരുന്ന് സ്വയംപരിശോധന നടത്താവുന്ന റാപ്പിഡ് ആന്റിജൻ സെൽഫ് ടെസ്റ്റ് കിറ്റിന് ഓൺലൈനിൽ ആവശ്യക്കാരേറുന്നു. 250 രൂപ വിലയുണ്ടായിരുന്ന കിറ്റ് 199 രൂപയ്ക്കാണ് ഇപ്പോൾ നൽകുന്നത്. ചില മെഡിക്കൽ ഷോപ്പുകളിലും കിറ്റ് വിൽക്കുന്നുണ്ട്. അതിനേക്കാൾ വിലക്കുറവാണ് ഓൺലൈൻ വിപണിയിൽ. പുറത്തിറങ്ങാതെ കിറ്റ് വീട്ടിൽ വരുത്തി സ്വയം പരിശോധിക്കാമെന്നതിനാലാണ് ആവശ്യക്കാർ ഏറിയത്. സെൽഫ് കിറ്റ് ഉപയോഗിച്ച് ഫലം പോസിറ്റീവായവർ വിവരം ആരോഗ്യവകുപ്പിൽ അറിയിക്കണമെന്ന് കണ്ണൂർ ജില്ലാ കോവിഡ് നോഡൽ ഓഫീസർ ഡോ. ഋഷി ഗോപാലകൃഷ്ണൻ പറഞ്ഞു. കോവിഡ് അതിവേഗം പടരുന്ന സ്ഥലങ്ങളിൽ വേഗത്തിൽ അണുബാധ നിർണയിക്കാനും ഫലം ലഭിക്കാനും ഇപ്പോൾ ആന്റിജൻ ടെസ്റ്റ് തിരിച്ചുവരുമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന സൂചന. കോവിഡ് വ്യാപന സാഹചര്യത്തിൽ ആന്റിജൻ ടെസ്റ്റ് ഉപയോഗിക്കാമെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് നിർദേശിച്ചിരുന്നു.
നിലവിൽ ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിൽ സ്വകാര്യ ലാബുകളിലും ആന്റിജൻ ടെസ്റ്റ് ചെയ്യാം. എന്നാൽ മറുനാടുകളിലേക്കും മറ്റുമുള്ള കോവിഡ് യാത്രാരേഖയായി ഉപയോഗിക്കാനാകില്ല. ഇതിന് ആർ.ടി.പി.സി.ആർ. ടെസ്റ്റ് റിപ്പോർട്ട് തന്നെ വേണം. സെപ്റ്റംബറിലാണ് സ്വകാര്യ ലാബുകളിലെ ആന്റിജൻ പരിശോധന നിർത്തിയത്. 80 ശതമാനത്തിന് മുകളിൽ വാക്സിനേഷൻ ചെയ്ത ജില്ലകളിൽ ആന്റിജൻ പരിശോധന കുറയ്ക്കുകയായിരുന്നു. ലാബുകളിൽ 300 രൂപയാണ് ആന്റിജൻ ടെസ്റ്റിന്. ആർ.ടി.പി.സി.ആർ. ടെസ്റ്റിന് 500 രൂപയും.