തൃശൂർ : അതിരപ്പിള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ് ചികിത്സയിലിരിക്കെ ചരിഞ്ഞ കൊമ്പന് അണുബാധയേറ്റിരുന്നുവെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. ആനയുടെ മസ്തകത്തിന് അണുബാധയേറ്റിട്ടുണ്ട്, തുമ്പിക്കൈയിൽ പുഴുവരിച്ചിരുന്നുവെന്നും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു. മരണകാരണം ഹൃദയാഘാതം മൂലമാണെന്നാണ് പ്രാഥമിക കണ്ടെത്തൽ. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധനയിൽ ആനയുടെ ശരീരത്തിൽ ലോഹ ഘടകങ്ങൾ ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. മുറിവിന് 65 സെന്റീമീറ്റർ ചുറ്റളവും15 സെന്റീമീറ്റർ വ്യാസവും ഒന്നരയടിയോളം ആഴവുമുണ്ട്. ആനകൾ തമ്മിൽ കൊമ്പ് കോർത്തുണ്ടായ മുറിവ് തന്നെയാണ് അണുബാധയ്ക്ക് കാരണമായത്. കോടനാട് അഭയാരണ്യത്തിൽ ചികിത്സയിലിരിക്കയാണ് ആന ചരിഞ്ഞത്. ഇന്നലെ രാവിലെ വരെ ഭക്ഷണം കഴിച്ചിരുന്ന ആനയുടെ ആരോഗ്യസ്ഥിതി പിന്നീട് വഷളാവുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ആന ചരിഞ്ഞത്.