കൊച്ചി: കോടതികളുടെ പരിഗണനയിലുള്ള കേസുകളിൽ ലൈംഗികാതിക്രമങ്ങളുടെ ഉള്ളടക്കമുള്ള ഡിജിറ്റൽ തെളിവുകൾ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ ഉപഹരജി ഹൈകോടതി തീർപ്പാക്കി. നടി ആക്രമണ കേസിന്‍റെ പശ്ചാത്തലത്തിൽ ഹൈകോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ നിയമം കൊണ്ടുവരാനുള്ള നിർദേശങ്ങൾ സർക്കാറിന് കൈമാറിയിട്ടുണ്ടെന്ന വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് കെ. ബാബു ഉപഹരജി തീർപ്പാക്കിയത്. മാർഗനിർദേശങ്ങളുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ അറിയിക്കാൻ ജില്ല ജുഡീഷ്യറികളുടെ ചുമതലയുള്ള രജിസ്ട്രാർക്കും സർക്കാറിനുവേണ്ടി ഡയറക്ടർ ജനറൽ പ്രോസിക്യൂഷനും കോടതി കഴിഞ്ഞയാഴ്ച നിർദേശം നൽകിയിരുന്നു.
കോടതിയുടെ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസംബർ 23ന് പൊലീസ് ഉദ്യോഗസ്ഥർക്കും ഫോറൻസിക് സയൻസ് ലബോറട്ടറിക്കും കത്ത് നൽകിയതായി സർക്കാർ അറിയിച്ചു. മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തി നിയമം കൊണ്ടുവരാൻ നിർദേശിച്ച് ആഭ്യന്തര സെക്രട്ടറിക്കും കത്തയച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ നിയമനിർമാണത്തിന് നടപടി സ്വീകരിക്കാൻ കോടതി വാക്കാൽ നിർദേശിച്ചു. മാർഗനിർദേശങ്ങളടങ്ങുന്ന കോടതിവിധി സർക്കാറിനും ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും എല്ലാ ജില്ലാ ജഡ്ജിമാർക്കും കൈമാറിയതായി ജില്ല ജുഡീഷ്യറി രജിസ്ട്രാറും അറിയിച്ചു. രണ്ട് വിശദീകരണങ്ങളും രേഖപ്പെടുത്തിയാണ് ഉപഹരജി തീർപ്പാക്കിയത്.
നടി ആക്രമണക്കേസുമായി ബന്ധെപ്പട്ട മെമ്മറി കാർഡ് ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ അനധികൃതമായി തുറന്ന് പരിശോധിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നടി ഹരജി നൽകിയിരുന്നു. പ്രതിയായ നടൻ ദിലീപ് കക്ഷി ചേരുകയും ചെയ്തു. കാർഡിന്‍റെ അനധികൃത പരിശോധന സംബന്ധിച്ച് എറണാകുളം സെഷൻസ് കോടതിയുടെ അന്വേഷണത്തിന് കഴിഞ്ഞവർഷം ഡിസംബർ ഏഴിന് ഹൈകോടതി ഉത്തരവിട്ടു.
ഡിജിറ്റൽ രേഖകൾ സൂക്ഷിക്കുന്നതിന് ആവശ്യമായ മാർഗരേഖകളും നിർദേശിച്ചിരുന്നു. എന്നാൽ, കോടതികൾക്ക് ഉത്തരവ് അയക്കാൻ നിർദേശമില്ലാതിരുന്നതിനാൽ ഇവ കോടതികളുടെ ശ്രദ്ധയിൽ വരില്ലെന്നും ബന്ധപ്പെട്ട കോടതികൾക്കായി സർക്കുലർ പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടാണ് സർക്കാർ ഉപഹരജി നൽകിയത്. അതേസമയം, ഉപഹരജി തീർപ്പാക്കിയ കോടതി, നടിയുടെ ഹരജി പരിഗണിക്കുന്നതിൽനിന്ന് പിന്മാറി. ഇത് ചൊവ്വാഴ്ച ബന്ധപ്പെട്ട കോടതി മുമ്പാകെ പരിഗണനക്ക് ഉൾപ്പെടുത്താനും നിർദേശിച്ചു.