ദില്ലി: രാഷ്ട്രപതി തിരഞ്ഞെടുപ്പ് വ്യക്തിപരമായ മത്സരത്തേക്കാൾ കൂടുതലായി സർക്കാരിന്റെ സ്വേച്ഛാധിപത്യത്തെ ചെറുക്കാനുള്ള ചുവടുവെപ്പാണെന്ന് പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹ. ബിജെപി എംപിയായ മകൻ ജയന്ത് സിൻഹയുടെ പിന്തുണ ലഭിക്കാത്തതിന്റെ പേരിൽ താൻ ധർമ്മ സങ്കടത്തിലല്ലെന്നും അദ്ദേഹം പറഞ്ഞു. “അവൻ അവന്റെ രാജധർമം പിന്തുടരുന്നു, ഞാൻ എന്റെ രാഷ്ട്ര ധർമ്മം പിന്തുടരും- അദ്ദേഹം പറഞ്ഞു.
“ഈ തിരഞ്ഞെടുപ്പ് കേവലം ഇന്ത്യൻ പ്രസിഡന്റിന്റെ തെരഞ്ഞെടുക്കുക എന്നതിലുപരി, സർക്കാരിന്റെ സ്വേച്ഛാധിപത്യ നയങ്ങളെ ചെറുക്കുന്നതിനുള്ള ഒരു ചുവടുവെപ്പാണ്. സർക്കാർ നയങ്ങൾക്കെതിരെ ചെറുത്തുനിൽപ്പ് ഉണ്ടാകണം എന്ന സന്ദേശമാണ് ഈ തിരഞ്ഞെടുപ്പ മുന്നോട്ടുവെക്കുന്നത്. ഒരു വ്യക്തിയെ ഉയർത്തിക്കാണിക്കുന്നത് സമൂഹത്തിന്റെയും ഉയർച്ച ഉറപ്പാക്കുന്നില്ലെന്നും ബിജെപി ദ്രൗപതി മുർമുവിനെ ഉയർത്തിക്കാട്ടുന്നത് രാഷ്ട്രീയമല്ലാതെ മറ്റൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ ഉണർന്ന് മുഴുവൻ സംവിധാനവും പരിഷ്‌കരിച്ചില്ലെങ്കിൽ തുരങ്കത്തിന്റെ അറ്റത്ത് നമുക്ക് വെളിച്ചം കാണാൻ കഴിയില്ല. നമ്മുടെ ജനാധിപത്യവും ഭരണഘടനയും ഭീഷണിയിലാണ്. സ്വാതന്ത്ര്യ സമരത്തിന്റെ എല്ലാ മൂല്യങ്ങളും ഭീഷണിയിലാണ്. ഇന്ത്യയെ സംരക്ഷിക്കാൻ ജനം ഉയരണം. രാഷ്ട്രപതി ഭവനിൽ മറ്റൊരു റബ്ബർ സ്റ്റാമ്പ് ഉണ്ടെങ്കിൽ അത് വലിയ ദുരന്തമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മന്ത്രിസഭയിൽ അംഗമായിരുന്നു സിൻഹ. സിൻഹ തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, സീതാറാം യെച്ചൂരി, ശരദ് പവാർ, മമത ബാനർജി എന്നിവരുൾപ്പെടെ നിരവധി പ്രതിപക്ഷ നേതാക്കൾ അദ്ദേഹത്തോടൊപ്പമുണ്ടാകുമെന്നാണ് സൂചന. മത്സരത്തിൽ നിന്ന് പിന്മാറുന്ന പ്രശ്നമില്ലെന്നും അദ്ദേഹം ആവർത്തിച്ചു.