ദില്ലി: ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന രാജ്യമായി ഇന്ത്യ വളർന്നുവെന്നും ഇതിന് കാരണം ഇന്നത്തെ ദൃഢനിശ്ചയമുള്ള സർക്കാർ ആണെന്നും രാഷ്‌ട്രപതി ദ്രൗപതി മുർമു. പാർലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുള്ള ആദ്യപ്രസംഗത്തിൽ രാഷ്‌ട്രപതി കേന്ദ്ര സർക്കാരിന്‍റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞു. അതിർത്തികളിൽ ഇന്ത്യ ശക്തമാണ്. ഭീകരതയെ ധീരമായി നേരിടുന്ന സർക്കാർ കശ്മീരിൽ സമാധാനം കൊണ്ടുവന്നു. മിന്നലാക്രമണത്തിലും മുത്തലാഖ് നിരോധനത്തിലും കണ്ടത് സർക്കാരിന്റെ ദൃഢനിശ്ചയം ആയിരുന്നു..അഴിമതി സാമൂഹികനീതിയുടെ മുഖ്യശത്രു ആണെന്ന മുന്നറിയിപ്പും രാഷ്‌ട്രപതി നടത്തി.
രാജ്യത്ത് പൂർണ ദാരിദ്ര നിർമാർജനം സാധ്യമാകണമെന്നും 2047 ലേക്കുള്ള അടിത്തറ പണിയുകയാണെന്നും രാഷ്ട്രപതി പറഞ്ഞു. സ്വയം പര്യാപ്തമായ രാജ്യം കെട്ടിപ്പടുക്കണം. ദാരിദ്ര്യമില്ലാത്ത സ്വയം പര്യാപ്ത ഇന്ത്യ സൃഷ്ടിക്കണമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ അവര്‍ പറഞ്ഞു. സ്ത്രീകളും യുവാക്കളും മുന്നില്‍ നിന്ന് നയിക്കണം. രാജ്യത്തിന്‍റെ ഐക്യം ഉറച്ചതാകണം. സ്വാതന്ത്യത്തിന്‍റെ 75ാം വാര്‍ഷികം വികസിത ഭാരത നിര്‍മാണ കാലമാണ്. രാഷ്ട്രനിര്‍മാണത്തില്‍ നൂറ് ശതമാനം സമര്‍പ്പണം വേണമെന്നും അവര്‍ വ്യക്തമാക്കി.
എല്ലാവർക്കും വികസനം എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നത്. ഇന്ത്യയുടെ ഡിജിറ്റൽ നെറ്റ്‌വർക്ക് ലോകത്തിന് തന്നെ മാതൃകയാണ്. ആഗോള തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ മാറി. സുതാര്യമായും സത്യസന്ധ്യമായും ആണ് സർക്കാർ പ്രവർത്തിക്കുന്നത്. അഴിമതിക്കെതിരെ സർക്കാരിന് ഉള്ളത് ശക്തമായ നിലപാട്.ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതും മുത്തലാഖ് നിരോധനവും മിന്നലാക്രമണവും കേന്ദ്രസര്‍ക്കാരിന്‍റെ നേട്ടമെന്ന് രാഷ്ട്രപതി പരാമർശിച്ചു. അഴിമതി മുക്തമായ സംവിധാനം ഒരുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.ഇതിനായി നിരവധി നടപടികൾ സ്വീകരിച്ചു .സൗജന്യങ്ങൾക്കെതിരെ രാഷ്ട്രപതി പരോക്ഷ മുന്നറിയിപ്പ് നല്‍കി. എളുപ്പ വഴി രാഷ്ട്രീയം വേണ്ട. പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ആണ് വേണ്ടത്. കൊവിഡ് കാലത്ത് ലോകം പതറിയപ്പോൾ സർക്കാർ പാവപ്പെട്ടവരുടെ ജീവൻ രക്ഷിക്കാൻ വലിയ ഇടപെടൽ നടത്തി. രാജ്യത്തെ കർഷകർക്കായി നിരവധി പദ്ധതികൾ നടപ്പാക്കി.2.25 ലക്ഷം കോടി ചെറുകിട കർഷകർക്കായി മാറ്റിവച്ചു.
മാവോയിയ്സ്റ്റ് ഭീഷണിയുള്ള ജില്ലകളുടെ എണ്ണം കുറഞ്ഞു. ജമ്മു കശ്മീരിൽ സമാധാനപരമായ സാഹചര്യം കൊണ്ട് വരാൻ കഴിഞ്ഞു. അതിർത്തിയിൽ ഇന്ത്യ ശക്തമാണ്. സർക്കാർ സ്കൂളുകളിൽ ശുചി മുറികൾ ഒരുക്കാനായി. വിദ്യാഭ്യാസം പാതിവഴിയിൽ അവസാനിപ്പിക്കുന്നത് കുറഞ്ഞു. പിന്നാക്ക ആദിവാസി വിഭാഗങ്ങൾക്കായി ക്ഷേമപദ്ധതികൾ കൊണ്ടുവന്നു.
കർത്തവ്യ പഥ് സർക്കാർ പൂർത്തികരിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിച്ചു.ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി പൂർത്തിയാക്കുമെന്നും രാഷ്ട്രപതി പറഞ്ഞു. ഭാരത് ജോഡോ യാത്രക്ക് കശ്മീരിലെത്തിയ എംപിമാർക്ക് നയപ്രഖ്യാപന പ്രസംഗത്തിൽ പങ്കെടുക്കാനായില്ല. രാഹുൽ ഗാന്ധിയടക്കം 24 എം പിമാർ പ്രതികൂല കാലാവസ്ഥയിൽ കുടുങ്ങി. കനത്ത മഞ്ഞ് വീഴ്ചയെ തുടർന്ന് ഇന്നലെ ഇവർ പുറപ്പെടേണ്ടിയിരുന്ന വിമാനം റദ്ദാക്കിയിരുന്നു. കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടർന്ന് ഇന്ന് രാവിലെ പതിനൊന്നരക്ക് പ്രത്യേക വിമാനത്തിൽ സംഘം ദില്ലിക്ക് പുറപ്പെട്ടു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ആംആദ്മി പാര്‍ട്ടിയും ബിആർഎസും ബഹിഷ്കരിച്ചു. കേന്ദ്രസർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് അഭിസംബോധന ബഹിഷ്കരിച്ചത്.