ന്യൂഡൽഹി : മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷനായി ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ തെരെഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ അപേക്ഷ. സ്ഥാനമേറ്റെടുത്തതിന് ശേഷം കാതോലിക്ക ബാവ എടുത്ത എല്ലാ തീരുമാനങ്ങളും റദ്ദാക്കണമെന്നും അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഓർത്തോഡോക്സ് സഭയിൽ ഏഴ് വൈദികരെ മെത്രാപ്പോലീത്തമാരായി തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ സ്റ്റേ ചെയ്യണമെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ആവശ്യം ഉന്നയിക്കുന്നു.
ഫെബ്രുവരി 25-നാണ് വൈദികർക്ക് മെത്രോപ്പോലീത്ത പട്ടം നൽകുന്ന ചടങ്ങ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. അതുകൊണ്ട് അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് യാക്കോബായ വിശ്വാസികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ മൂന്ന് ആഴ്ചയ്ക്ക് ശേഷമേ അപേക്ഷ പരിഗണിക്കാൻ കഴിയുകയുള്ളുവെന്ന് ജസ്റ്റിസ് ഇന്ദിര ബാനർജിയുടെ അധ്യക്ഷതയിൽ ഉള്ള ബെഞ്ച് വ്യക്തമാക്കി. പഴമറ്റം സെന്റ് മേരീസ് പള്ളിയിലെ പോൾ വർഗീസ്, ജോണി ഇ.പി, കോതമംഗലം മാർത്തോമൻ ചെറിയ പള്ളിയിലെ കുഞ്ഞച്ചൻ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. യാക്കോബായ വിശ്വാസികളായ ഇവർ നേരത്തെ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ഓർത്തോഡോക്സ് വൈദികർക്കും ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു.
ഓർത്തോഡോക്സ് സഭയുടെ പരമാധ്യക്ഷ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യാൻ ഇവർ സുപ്രീം കോടതിയിൽ നേരത്തെ അപേക്ഷ നൽകിയിരുന്നുവെങ്കിലും കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിക്കുകയായിരുന്നു. യാക്കോബായ സഭാ വിശ്വാസികൾക്ക് വേണ്ടി അഭിഭാഷകരായ രാജീവ് മിശ്ര, സനന്ദ് രാമകൃഷ്ണൻ എന്നിവരും ഓർത്തോഡോക്സ് സഭയ്ക്ക് വേണ്ടി ഇ.എം.എസ് അനാം, പി.എസ് സുധീർ എന്നിവരുമാണ് ഇന്ന് സുപ്രീം കോടതിയിൽ ഹാജരായത്.