ദില്ലി : പാർലമെന്റിന്റെ 2022-23 വർഷത്തേക്കുള്ള ബജറ്റ് സമ്മേളനത്തിന് ദില്ലിയിൽ തുടക്കമായി. ഡോ ബി ആർ അംബേദ്കറുടെ തുല്യതയ്ക്കുള്ള നയമാണ് കേന്ദ്രസർക്കാർ പിന്തുടരുന്നതെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിപക്ഷം പെഗാസസ് വിഷയം ഉന്നയിച്ച് പ്രതിഷേധിച്ചു. കൊവിഡിനെതിരെ പോരാടിയ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. എല്ലാ സ്വാതന്ത്ര്യ സമര സേനാനികളെയും നമിക്കുന്നു. അടുത്ത 25 വർഷത്തെ വികസനത്തിനുള്ള ദർശനം മുന്നോട്ടു വെച്ചാണ് സർക്കാർ പ്രവർത്തിക്കുന്നത്. കൊവിഡ് നേരിടാൻ എല്ലാവരും ഒരു സംഘമായി നിന്ന് പൊരുതി. സർക്കാരും പൗരന്മാരും ഐക്യത്തോടെ നിന്ന് പൊരുതിയത് ജനാധപത്യത്തിൻറെ വിജയമാണെന്നും രാഷ്ട്രപതി പറഞ്ഞു.
രാജ്യത്ത് 150 കോടി വാക്സീൻ ഡോസുകൾ നല്കാൻ കഴിഞ്ഞു. 70 ശതമാനം പേർ രണ്ടു ഡോസ് വാക്സീൻ സ്വീകരിച്ചു. കൗമാരക്കാർക്കുള്ള വാക്സീനേഷൻ തുടങ്ങാൻ കഴിഞ്ഞു. കരുതൽ ഡോസും നല്കി തുടങ്ങി. ഇന്ത്യയിൽ തയ്യാറാക്കിയ വാക്സീനുകൾ ലോകത്തെയാകെ മഹാമാരി നേരിടാൻ സഹായിക്കും. ബിആർ അംബേദ്ക്കറുടെ തുല്യതയ്ക്കുള്ള നയമാണ് സർക്കാർ പിന്തുടരുന്നത്. കൊവിഡ് കാലത്ത് പാവപ്പെട്ടവർക്ക് എല്ലാവർക്കും സൗജന്യ ഭക്ഷണം നൽകാനായി. 19 മാസം കൊണ്ട് 260000 കോടി രൂപ മുടക്കി 80 കോടിയിലധികം പേർക്ക് സൗജന്യ ഭക്ഷ്യ ധാന്യം നൽകി. ഈ സൗജന്യ ഭക്ഷ്യ ധാന്യ പദ്ധതി 2022 മാർച്ച് 31 വരെ നീട്ടിയെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.