ന്യൂഡൽഹി: പാർലമെന്റ് സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പ്രസംഗം പ്രക്ഷേപണം ചെയ്തപ്പോൾ പ്രധാനമന്ത്രിയോടുള്ള സൻസദ് ടി.വി കാമറാമാന്റെ ആരാധനയാണ് ജനം കണ്ടതെന്ന വിമർശനവുമായി കോൺഗ്രസ്. പാർലമെന്റ് നടപടികൾ കാണിക്കേണ്ടിടത്ത് പ്രധാനമന്ത്രിയെ തുടരെ ചിത്രീകരിക്കുന്നതാണ് കണ്ടതെന്നും സൻസദ് പ്രതിപക്ഷത്തെ തഴഞ്ഞെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.
സമൂഹ മാധ്യമമായ എക്സിലൂടെയായിരുന്നു ജയ്റാമിന്റെ വിമർശനം. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ 51 മിനിറ്റ് നീണ്ട പ്രസംഗത്തിനിടെ ആരെയാണ് സൻസദ് ടി.വി ഏറ്റവും കൂടുതൽ ചിത്രീകരിച്ചതെന്ന് ജയ്റാം രമേശ് ചോദിച്ചു. മോദിയെ 73 തവണ കാണിച്ചപ്പോൾ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ആറുതവണയാണ് കാണാനായത്.
ഭരണപക്ഷത്തെ 108 തവണ കാണിച്ചപ്പോൾ പ്രതിപക്ഷം സ്ക്രീനിൽ വന്നത് 18 തവണയാണെന്ന് ജയ്റാം പറഞ്ഞു. പാർലമെന്റ് നടപടികൾ ചിത്രീകരിക്കുകയാണ് സൻസദ് ടി.വിയുടെ ജോലി, കാമറാമാന്മാരുടെ ആരാധന കാണിക്കലല്ലെന്ന് ഓർമപ്പെടുത്തിയാണ് ജയ്റാം രമേശ് കുറിപ്പ് അവസാനിപ്പിക്കുന്നത്. ലോക്സഭാ ടെലിവിഷനും രാജ്യസഭാ ടെലിവിഷനും സംയോജിപ്പിച്ച് 2021ലാണ് സൻസദ് ടി.വിയാക്കിയത്. രണ്ട് സഭാനടപടികളും മറ്റ് പാർലമെന്റ് പരിപാടികളുമാണ് ചാനൽ സംപ്രേഷണം ചെയ്യുക.