പാലക്കാട്: മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും കാര്യങ്ങളടക്കം ഷാജ് കിരൺ പറയുന്നതിന്റെ ശബ്ദരേഖ ഉടന്‍ പുറത്തുവിടുമെന്ന് സ്വപ്ന സുരേഷ്. മുഖ്യമന്ത്രിയുടെ ദൂതനായ ഷാജ് കിരൺ സ്വപ്നയെ ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖയാണു പുറത്തുവിടുന്നത്. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എഡിറ്റ് ചെയ്യാത്ത ശബ്ദരേഖയാണെന്ന് സ്വപ്‌ന പറഞ്ഞു. പാലക്കാട് സ്വപ്‌ന ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസ് എന്ന സ്ഥാപനത്തിന്റെ ഓഫിസിലാണ് സ്വപ്‌ന മാധ്യമങ്ങളെ കാണുന്നത്. സ്വപ്‌നയുടെ ഓഫിസും ഫ്‌ളാറ്റും പൊലീസ് വലയത്തിലാണ്.
എല്ലാ സംശയങ്ങൾക്കും തെളിവുണ്ടെന്നു സ്വപ്ന വ്യാഴാഴ്ച വൈകിട്ട് പാലക്കാട് നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. തന്റെ സുഹൃത്തുകൂടിയായ ഷാജ് കിരണ്‍ മുഖ്യമന്ത്രിക്കു വേണ്ടിയാണു സംസാരിക്കാനെത്തിയതെന്ന് സ്വപ്നയും സരിത്തും ആവർത്തിച്ചിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധവും മുഖ്യമന്ത്രിയുടെ നാവായി പ്രവർത്തിക്കുന്ന നികേഷ് എന്നയാളെക്കുറിച്ചും ഷാജ് കിരൺ പല തവണ സംസാരിച്ചു. തന്റെ ജീവനു ഭീഷണിയുള്ളതിനാലാണ് ശേഖരിച്ച തെളിവുകളെല്ലാം പുറത്തുവിടുന്നതെന്നും സ്വപ്ന പറഞ്ഞു. സ്വപ്നയുടെ ആരോപണങ്ങൾ ഷാജ് കിരൺ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
ആരുടെയും മധ്യസ്ഥനല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായും കോടിയേരി ബാലകൃഷ്ണനുമായും അടുപ്പമില്ലെന്നും ഷാജ് കിരൺ പറഞ്ഞിരുന്നു.സ്വപ്നയുമായി 60 ദിവസത്തെ പരിചയമേയുള്ളു. ഒരു സ്ഥലക്കച്ചവടത്തിനാണ് ഫോണിൽ ബന്ധപ്പെട്ടത്. ഭീഷണിപ്പെടുത്തി രഹസ്യമൊഴിയിൽനിന്നു പിന്മാറാൻ പ്രേരിപ്പിച്ചിട്ടില്ല. സുഹൃത്തെന്ന നിലയ്ക്കുള്ള ഉപദേശങ്ങളാണു നൽകിയത്. രാഷ്ട്രീയനേതാക്കളുമായി ചാനലുകളിൽ ജോലി ചെയ്തിരുന്ന കാലത്തെ പരിചയമേയുള്ളൂ. റിയൽ എസ്റ്റേറ്റ് ബിസിനസിലേക്കു കടന്നശേഷം അത്തരം ബന്ധങ്ങളില്ലെന്നും പറഞ്ഞു.