തിരുവനന്തപുരം : കണ്ണൂർ വൈസ് ചാൻസിലര്‍ക്ക് പുനർനിയമനം നൽകുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നുണ്ടായത് കടുത്ത സമ്മർദ്ദമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസിക്ക് പുനർനിയമന നിയമനം നൽകിയ തീരുമാനം തെറ്റായിപ്പോയെന്നും ഗവർണര്‍ തുറന്നടിച്ചു. ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകിയതിൽ മുഖ്യമന്ത്രി നടത്തിയ ഇടപെടലിൻറെ കൂടുതൽ വിശദാംശങ്ങളാണ് ഗവർണർ അഭിമുഖത്തിൽ വിശദീകരിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടത് പ്രകാരം വിസി നിയമനത്തിൽ ഗോപിനാഥ് രവീന്ദ്രന് വെയിറ്റേജ് നൽകാമെന്ന് പറഞ്ഞു. പക്ഷെ പാനലിൽ ഗോപിനാഥ് രവീന്ദ്രൻറെ പേരില്ലായിരുന്നു, പിന്നീട് കമ്മിറ്റി തന്നെ റദ്ദാക്കാനാവശ്യപ്പെട്ടുവെന്നാണ് ഗവര്‍ണര്‍ തുറന്ന് പറയുന്നത്. അന്നത്തെ നടപടി തെറ്റായിപ്പോയെന്ന് സമ്മതിക്കുന്ന ഗവർണർ കണ്ണൂർ വിസി മുഖ്യമന്ത്രിയുടെ നോമിനിയാണെന്ന് ആവർത്തിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഇടപടൽ ആരംഭിച്ചത് മുതലാണ് ചാൻസ്ലർ സ്ഥാനം വിടാൻ താൻ ഒരുങ്ങിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.
കേരള വിസി നിയമനത്തിനുള്ള സർച്ച് കമ്മിറ്റിയിലേക്ക് ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻറെ പേര് സർവകലാശാലാ നോമിനിയാക്കണമെന്ന് രാജ്ഭവനിലെത്ത് ധനമന്ത്രി നിർദ്ദേശിച്ചതിന് മിനുട്സ് ഉണ്ടെന്നാണ് ഗവര്‍ണറുടെ വെളിപ്പെടുത്തൽ. പക്ഷെ പിന്നീട് സർവ്വകലാശാല തന്നെ കമ്മിറ്റി പിരിച്ചുവിടാൻ പ്രമേയം പാസാക്കിയതിൽ വൈരുദ്ധ്യമുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ തുറന്നടിക്കുന്നു. ‘സർവകലാശാല നിയഭേദഗതി ബിൽ യുജിസി നിർദേശങ്ങൾക്ക് വിരുദ്ധമാണ്. പ്രിയാ വർഗ്ഗീസിൻറെ നിയമനം ചട്ടവിരുദ്ധമാണ്. അഭിമുഖത്തിന് വിളിക്കാൻ പോലും കണ്ണൂര്‍ സര്‍വകലാശാലയിൽ നിയമനം നേടിയ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയാ വർഗ്ഗീസിന് യോഗ്യതയില്ലെന്നും ഗവര്‍ണര്‍ ആവര്‍ത്തിക്കുന്നു.
കണ്ണൂർ വിസിക്കെതിരെ കടുപ്പിക്കുമ്പോഴും സർവ്വകലാശാലകളിലെ ബന്ധുനിയമനത്തെ കുറിച്ച് അന്വേഷിക്കാൻ കമ്മിറ്റിയെ വെക്കുന്നതിൽ തീരുമാനമെടുത്തില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിട്ടുണ്ട്.