പാരിസ്: റഫയിലെ കരയാക്രമണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് 13 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ ഇസ്രായേലിന് കത്തയച്ചു. ജർമനി, ഫ്രാൻസ്, യു.കെ, ഇറ്റലി, ജപ്പാൻ, കാനഡ, ആസ്ട്രേലിയ, ഡെന്മാർക്ക്, ഫിൻലാൻഡ്, നെതർലൻഡ്സ്, ന്യൂസിലൻഡ്, ദക്ഷിണ കൊറിയ, സ്വീഡൻ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ ഒപ്പിട്ട കത്താണ് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്സിന് അയച്ചത്. ഇതിൽ ഭൂരിഭാഗവും നേരത്തെ ഇസ്രായേലിന് പിന്തുണ നൽകിയിരുന്ന രാജ്യങ്ങളാണ്.
ജി7 കൂട്ടായ്മയിലെ അമേരിക്ക ഒഴികെ എല്ലാ രാജ്യങ്ങളും ഇതിലുണ്ട്. കടുത്ത മാനുഷിക പ്രതിസന്ധി സൃഷ്ടിക്കുന്ന റഫയിലെ ആക്രമണത്തിൽനിന്ന് ഇസ്രായേൽ പിൻവാങ്ങണമെന്നും റഫയിലെ ഈജിപ്ത് അതിർത്തി ഉൾപ്പെടെ എല്ലാ അതിർത്തി ചെക്പോസ്റ്റുകളും തുറന്ന് സഹായവിതരണത്തിന് വഴിയൊരുക്കണമെന്നും നാലുപേജുള്ള കത്തിൽ ആവശ്യപ്പെട്ടു.
റഫ കൂട്ടക്കൊല അസ്വീകാര്യം- ഗുട്ടെറസ്
യുനൈറ്റഡ് നേഷൻസ്: റഫ കൂട്ടക്കൊല അസ്വീകാര്യമാണെന്നും വേദനയും ദുരന്തവും വർധിപ്പിക്കാൻ മാത്രമേ ഇത് ഉപകരിക്കൂ എന്നും ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
സാധാരണക്കാർ, സന്നദ്ധ പ്രവർത്തകർ, മാധ്യമപ്രവർത്തകർ, യു.എൻ ജീവനക്കാർ എന്നിവർക്ക് ദുരിതം വിതച്ച ഏറ്റവും രക്തരൂക്ഷിതമായ സംഘട്ടനമാണ് ഗസ്സയിലേത്. സിവിലിയൻ മരണം ഓരോ ദിവസവും വർധിച്ചുവരുകയാണ്. കുടുംബങ്ങൾ ചിതറി, കുട്ടികൾ ട്രോമയിലായി. ജീവിക്കാനാവശ്യമായ അടിസ്ഥാനാവശ്യങ്ങൾ പോലും തടയപ്പെട്ടു. ബന്ദികളെ മോചിപ്പിക്കണമെന്ന് പറയുമ്പോഴും ഫലസ്തീൻ ജനതയെ കൂട്ടമായി ശിക്ഷിക്കുന്നതിനെ ഒന്നുകൊണ്ടും ന്യായീകരിക്കാനാവില്ല -അദ്ദേഹം കൂട്ടിച്ചേർത്തു.