തിരുവനന്തപുരം∙ ലഹരി കടത്തിൽ സ്ഥിരമായി ഏർപ്പെടുന്ന 72 കുറ്റവാളികളെ കരുതൽ തടങ്കലിൽ വയ്ക്കാൻ എക്സൈസ് സർക്കാരിനോട് ശുപാർശ ചെയ്തു. കേസുകളുടെ വിവരങ്ങൾ ജില്ലകളിൽനിന്ന് ആഭ്യന്തരവകുപ്പിനു കൈമാറി. ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി പട്ടിക പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും ലഹരിക്കടത്തുകാരെ കരുതൽ തടങ്കലിൽവയ്ക്കാൻ എക്സൈസ് ശുപാർശ ചെയ്യുന്നത്.
എൻഡിപിഎസ് ആക്ട് അനുസരിച്ച് സ്ഥിരം കുറ്റവാളികളെ രണ്ടു വർഷംവരെ വിചാരണ കൂടാതെ കരുതൽ തടങ്കലിൽ പാർപ്പിക്കാനാകും. നിയമത്തിലെ ഈ വ്യവസ്ഥ സംസ്ഥാനത്ത് നടപ്പിലാക്കിയിരുന്നില്ല. ലഹരികടത്ത് വർധിച്ചതോടെ മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കരുതൽ തടങ്കലിൽ പാർപ്പിക്കാൻ തീരുമാനിച്ചത്. ഒന്നിലധികം കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ കേസുകളുടെ വിശദാംശങ്ങൾ പരിശോധിച്ച് എക്സൈസ് വകുപ്പ് പട്ടിക തയാറാക്കി ആഭ്യന്തരവകുപ്പിന് കൈമാറും. ആഭ്യന്തര സെക്രട്ടറി തടങ്കലിന് അനുമതി നൽകിയാൽ 5 ദിവസത്തിനകം അതിന്റെ പകർപ്പ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്കു കൈമാറണം. കരുതൽ തടങ്കലിൽ വയ്ക്കാനുള്ള കാരണങ്ങൾ നോട്ടിസിൽ രേഖപ്പെടുത്തും. പട്ടിക പിന്നീട് ജഡ്ജിമാരുൾപ്പെടുന്ന അഡ്വൈസറി ബോർഡിനു കൈമാറും. ബോർഡ് അനുമതി നൽകിയാൽ കുറ്റവാളികളെ ജയിലിലേക്കു മാറ്റും. തീരുമാനം കോടതിയിൽ ചോദ്യം ചെയ്യാനാകില്ല.
ലഹരികടത്തുകാരെ കരുതൽ തടങ്കലിൽ പാർപ്പിക്കാനുള്ള ശുപാർശ കൂടുതലുള്ളത് കോട്ടയം ജില്ലയിൽനിന്നാണ്–14 പേർ. എറണാകുളം ജില്ലയിൽ 10 ലഹരി കടത്തുകാരെയാണ് കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ശുപാർശ ചെയ്തത്. തിരുവനന്തപുരം–7, കൊല്ലം–3, പത്തനംതിട്ട–4, ആലപ്പുഴ–4, ഇടുക്കി–3, തൃശൂർ–2, പാലക്കാട്–2, മലപ്പുറം–8, കോഴിക്കോട്–9, വയനാട്–3, കാസർകോട്–3.
വലിയ കടത്തുകേസുകളിൽ പ്രതികളെയായവരെയാണ് ആദ്യഘട്ടത്തിൽ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഒന്നിലധികം കേസുകളിൽ പ്രതികളായവരുടെ കേസുകളെ സംബന്ധിച്ച് വിശദമായ പരിശോധനകൾ നടന്നു വരികയാണെന്നും കൂടുതൽപേരെ കരുതൽ തടങ്കലിനു ശുപാർശ ചെയ്യുമെന്നും എക്സൈസ് അധികൃതർ പറഞ്ഞു. എൻഡിപിഎസ് നിയമത്തിലെ 31, 31 എ വിഭാഗത്തിലുള്ളവർക്ക് ഉയർന്ന ശിക്ഷ ഉറപ്പാക്കാൻ മുൻകാലങ്ങളിലെ കുറ്റകൃത്യങ്ങൾ കൂടി കുറ്റപത്രത്തിൽ ഉൾപ്പെടുത്തി തുടങ്ങി. ലഹരിക്കടത്ത് നടത്തുവരുടെ ഡാറ്റ ബാങ്ക് തയാറാക്കുന്ന നടപടികൾക്കും തുടക്കമായി. കേസുകളിൽ പ്രതികളാകുന്നവരോട് വീണ്ടും കടത്തിൽ പങ്കാളിയാകില്ലെന്ന് ബോണ്ട് വാങ്ങും. ലഹരി ഉപയോഗത്തിനു പിടിയിലാകുന്നവരോട് ചികിൽസയ്ക്കു വിധേയമാകേണ്ടിവരുമെന്ന ബോണ്ട് വാങ്ങുന്ന നടപടികളും ആരംഭിച്ചു.