ദില്ലിയിൽ മുണ്ടിനീര് കേസുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. സാധാരണയായി കുട്ടികളെ ബാധിക്കുന്ന ഒരു പകർച്ചവ്യാധിയാണ് മുണ്ടിനീര്. മുമ്പ്, 2024 മാർച്ചിൽ, കേരളത്തിലും മുണ്ടിനീര് കേസുകളിൽ കുത്തനെ വർദ്ധനവ് റിപ്പോർട്ട് ചെയ്തിരുന്നു.
പാരാമിക്സോവൈറസ് മൂലമാണ് മുണ്ടിനീര് ഉണ്ടാകുന്നത്. പൊതുവേ ഇത് വലിയ ആരോഗ്യ സങ്കീർണതകളിലേക്ക് നയിക്കില്ലെങ്കിലും ചില കേസുകളിൽ ഗുരുതരമായേക്കാം. മുണ്ടിനീര് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന രോഗമാണ്. എന്നാൽ, അഞ്ച് മുതൽ ഒമ്പത് വയസുവരെയുള്ള കുട്ടികളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ഏകദേശം രണ്ട് മുതൽ നാല് ആഴ്ചവരെയാണ് ഈ വൈറസിന്റെ ഇൻകുബേഷൻ കാലയളവ്. ഇതിന് ശേഷം ലക്ഷണങ്ങൾ പ്രകടമാകും.
മുണ്ടിനീരിൻ്റെ ലക്ഷണങ്ങൾ
മുഖത്ത് വീക്കം
പനി
ചെവിവേദന
ശരീരവേദന
തലവേദന
ക്ഷീണം
വിശപ്പില്ലായ്മ
രോഗം ബാധിച്ച് 2 ആഴ്ചകൾക്ക് ശേഷമാണ് ഈ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ദിവസങ്ങൾ കഴിയുംതോറും ഉമിനീർ ഗ്രന്ഥികൾ വീർക്കും. രോഗിയുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ രോഗബാധിതരായ വ്യക്തികളുടെ ശ്വാസത്തിലൂടെ പുറത്ത് വരുന്ന ഉമിനീരിലൂടെയോ ആണ് മുണ്ടിനീര് പകരുന്നത്. വൈറസ് ബാധിച്ച എല്ലാ വ്യക്തികളിലും രോഗലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. രോഗം സുഖപ്പെടുന്നതിന് രണ്ടാഴ്ചയോളം സമയമെടുക്കും.
എങ്ങനെ പ്രതിരോധിക്കാം?
1. വാക്സിനേഷൻ എടുക്കുക: അഞ്ചാംപനി, മുണ്ടിനീർ, റുബെല്ല എന്നിവയിൽ നിന്ന് സംരക്ഷിക്കുന്ന എംഎംആർ വാക്സിൻ കുട്ടികൾക്ക് നൽകുക. ഈ വാക്സിൻ കുട്ടികൾക്ക് രണ്ട് ഡോസുകൾ നൽകുന്നു.
2. അസുഖം ഉള്ള യാത്ര ഒഴിവാക്കുക: മുണ്ടിനീര് രോഗലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ സ്‌കൂളിൽ പോകുന്നതും മറ്റുള്ളവരെ കാണുന്നതും ഒഴിവാക്കുക.
3. സോപ്പും വെള്ളവും ഉപയോഗിച്ച് പതിവായി കൈ കഴുകുന്നത് രോഗവ്യാപനം തടയാൻ സഹായിക്കും.
4. മാസ്ക് ധരിക്കുക : ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും അണുബാധ പടരാതിരിക്കാൻ മുഖം മറയ്ക്കുക.