ആലപ്പുഴ : അപ്പത്തിനും മുട്ടറോസ്റ്റിനും അമിത വില ഈടാക്കിയെന്ന പി പി ചിത്തരഞ്ജൻ എംഎൽഎയുടെ പരാതി കഴിഞ്ഞ ദിവസങ്ങളില്‍ കേരളമാകെ ചര്‍ച്ചയായ വിഷയമായിരുന്നു. ഫാൻ സ്പീഡ് കൂട്ടിയിട്ടാൽ പറന്നുപോകുന്ന വലിപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയും നാലര രൂപ വില വരുന്ന ഒരു മുട്ടയും അൽപം ഗ്രേവിയും നൽകിയതിന് 50 രൂപയും ഈടാക്കിയെന്നായിരുന്നു എംഎല്‍എ ഉയര്‍ത്തിയ പരാതി. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് അദ്ദേഹം പരാതി നല്‍കുകയും ചെയ്തു.
പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിഷയം വലിയ ചര്‍ച്ചയായി മാറി. എംഎല്‍എ ഭക്ഷണം കഴിച്ചതിന് പണം നല്‍കിയില്ലെന്നത് ഉള്‍പ്പെടെ ചര്‍ച്ചകളിലേക്ക് ഈ വിഷയം മാറുകയും ചെയ്തു. ഇപ്പോള്‍ എംഎല്‍എയുടെ പരാതിയില്‍ പറയുന്ന ഹോട്ടലില്‍ മുട്ട റോസ്റ്റിന്റെയും അപ്പത്തിന്റെയും വില കുറച്ചതായുള്ള വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. സിംഗിള്‍ മുട്ട റോസ്റ്റിന് 50 രൂപയില്‍ നിന്ന് 40 ആക്കിയാണ് വില കുറച്ചിട്ടുള്ളത്. മെനു കാര്‍ഡില്‍ 50 രൂപ എന്നുള്ളത് വെട്ടി 40 ആക്കിയിട്ടുമുണ്ട്. അപ്പത്തിന് അഞ്ച് രൂപ കുറച്ച് പത്ത് ആക്കിയെന്നും ഹോട്ടല്‍ ഉടമ അറിയിച്ചു.