തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് നൂതന മേഖലകളില്‍ തൊഴിലവസരം ലഭ്യമാക്കുന്ന പ്രൈഡ് പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചു. വൈജ്ഞാനിക തൊഴില്‍ മേഖലയില്‍ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കേരള നോളഡ്ജ് ഇക്കോണമി മിഷന്‍ സാമൂഹ്യനീതി വകുപ്പുമായി ചേര്‍ന്നുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. 2026 നുള്ളില്‍ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗം കൂടിയാണ് ഈ പദ്ധതി.
വൈജ്ഞാനിക തൊഴിലില്‍ തല്‍പ്പരരായ, പ്ലസ്ടു അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ളവരെ കണ്ടെത്തി പരിശീലനം നല്‍കി തൊഴില്‍ രംഗത്തേക്ക് എത്തിക്കും. നോളഡ്ജ് മിഷന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഡിഡബ്ലിയൂഎംഎസ് വഴി രജിസ്റ്റര്‍ ചെയ്ത 382 പേരാണ് ആദ്യ ഘട്ടത്തില്‍ പദ്ധതിയുടെ ഭാഗമാകുക. സാമൂഹ്യ നീതിവകുപ്പിന്റെ ഗുണഭോക്താക്കളായ 1628 വ്യക്തികളെ കൂടി അടുത്ത ഘട്ടത്തില്‍ ഉള്‍പ്പെടുത്തും. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് എല്ലാ പിന്തുണയും പൗരാവകാശവും മനുഷ്യാവകാശവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അവര്‍ നേരിടുന്ന തൊഴിലില്ലായ്മയും അദൃശ്യതയും ഇല്ലാതാക്കുവാനും മെച്ചപ്പെട്ട തൊഴില്‍ സാധ്യതകളിലൂടെ ജീവിത ഗുണനിലവാരവും സാമൂഹ്യ അംഗീകാരവും ഉറപ്പാക്കുവാനും പദ്ധതിയിലൂടെ സാധിക്കും. ഇത് അവര്‍ക്ക് അന്തസോടെയും ആത്മവിശ്വാസത്തോടെയും സമൂഹത്തില്‍ ജീവിക്കാനുള്ള പിന്‍ബലമേകും. സര്‍ക്കാര്‍ ഒപ്പമുണ്ട്. മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.