പാലക്കാട്: അട്ടപ്പാടി മല്ലീശ്വര മുടിയിൽ ജ്യോതി തെളിയിക്കാൻ പോയ മലപൂജാരിമാരെ ആക്രമിക്കാൻ പാഞ്ഞടുത്ത് കാട്ടാന. ചിതറിയോടുന്നതിനിടയില്‍ വീണ് മലപൂജാരി ചിറ്റൂർ സ്വദേശി അരവിന്ദനു പരിക്കേറ്റു. അരവിന്ദനെ താഴ്വാരത്തിലെത്തിച്ച് കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോത്രവര്‍ഗ സമൂഹമായ ഇരുള വിഭാഗത്തിന്‍റെ ചെറുക്ഷേത്രമാണ് ഇവിടെയുള്ളത്.
ശിവരാത്രിയുടെ ഭാഗമായി ഗോത്രാചാരപ്രകാരമാണ് മല്ലീശ്വരന്‍ മുടിയിലെ തിരി തെളിക്കല്‍ നടത്തുന്നത്. വ്രതം അനുഷ്ഠിച്ച് യുവാക്കള്‍ ശിവരാത്രി മലമുകളില്‍ തങ്ങി പിറ്റേ ദിവസം മടങ്ങുന്നതാണ് ഗോത്രാചാരം. ചെമ്മണൂര്‍ ശിവ ക്ഷേത്രത്തിന്റെ 5000 അടിയോളം ഉയരത്തിലാണ് മല്ലീശ്വരന്‍ മുടി സ്ഥിതി ചെയ്യുന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇടുക്കി മാങ്കുളം വലിയപാറകുടിയിൽ കാട്ടാനയെ കിണറ്റിൽ വീണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. വലിയ പാറക്കുടി ആദിവാസി കോളനിക്ക് സമീപമാണ് കാട്ടാന കിണറ്റിൽ വീണത്. പാറക്കൂട്ടങ്ങൾക്കിടയിലൂടെ നടന്നുപോകുമ്പോൾ തെന്നി കിണറ്റിൽ വീണതാണെന്നും ദുരൂഹത ഇല്ലെന്നുമാണ് വനംവകുപ്പ് സംഭവത്തേക്കുറിച്ച് വിശദമാക്കിയത്.
ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ ആന വൈദ്യുതി വേലിയിൽ കുടുങ്ങിയത് രണ്ട് ദിവസം മുന്‍പാണ്. ഓംകാർ ഫോറസ്റ്റ് റിസർവിന് കീഴിലുള്ള ബർക്കി വനമേഖലയിൽ ഇറങ്ങിയ കാട്ടാനയാണ് വൈദ്യുതി വേലിയിൽ കുടുങ്ങിയത്. വേലിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് ആന തെറിച്ച് വീണു. സ്ഥലമുടമ വൈദ്യുതി വേലി മുറിച്ച് മാറ്റിയ ശേഷം വനംവകുപ്പിനെ വിളിച്ച് അറിയിക്കുകയായിരുന്നു. വനംവകുപ്പെത്തി വൈദ്യസഹായം നൽകിയ ശേഷം ആനയെ കാട്ടിലേക്ക് തന്നെ തുറന്നുവിടുകയായിരുന്നു.