തിരുവനന്തപുരം: എൻ.ഡി.എ സ്ഥാനാർഥികളുടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിലെത്തി. മലയാളത്തിൽ സ്വാഗതം പറഞ്ഞുകൊണ്ടാണ് മോദി പ്രസംഗം തുടങ്ങിയത്. സ്വർണക്കടത്തും മാസപ്പടിയും കരുവന്നൂരും മോദിയുടെ പ്രസംഗത്തിൽ കടന്നുവന്നു. നേരത്തേ തൃശൂരിലും മലയാളത്തിലാണ് മോദി പ്രസംഗം തുടങ്ങിയത്.
കേരളത്തിലെ ജനങ്ങളുടെ പണം പരസ്യമായി കൊള്ളയടിക്കുകയാണെന്ന് മോദി ആരോപിച്ചു. സി.പി.എമ്മുകാരാണ് കരുവന്നൂർ ബാങ്ക് കൊള്ളയടിച്ചത്. കർഷകരുടെ മക്കളുടെ വിവാഹം മുടങ്ങാൻ പോലും ഇതുകാരണമായി. പ്രതികളെ സംരക്ഷിക്കാൻ സർക്കാർ സംവിധാനം പൂർണമായി വിനിയോഗിച്ചതായി മോദി വിമർശിച്ചു. അഴിമതിപ്പണം പാവങ്ങൾക്കു നൽകും. അഴിമതിക്കാർ മുഴുവൻ അഴിക്കുള്ളിലാകും. കൊള്ളയാണ് കേരളത്തിന്റെ പ്രതിസന്ധിക്കു കാരണമെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി മുഖ്യമന്ത്രിയും കുടുംബവും വരെ അഴിമതിയിൽ പെട്ടുവെന്നും സൂചിപ്പിച്ചു.
മോദിയുടെ ഗ്യാരണ്ടി ആവർത്തിച്ച് ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും അനുസ്മരിച്ചായിരുന്നു മോദിയുടെ പ്രസംഗം. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിക്കാണ് മോദി കൊച്ചിയിലെത്തിയത്.