ദില്ലി: ഇന്ന് രാജ്യത്തിന് ഐതിഹാസിക ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ ദിശയിൽ നീങ്ങാനുള്ള സമയമാണ് ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നിശ്ചയ ദാർഢ്യത്തോടെ മുന്നേറണം. സ്വാതന്ത്യ സമര സേനാനികളേയും അദ്ദേഹം അനുസ്മരിച്ചു.വി ഡി സവർക്കറേയും നരേന്ദ്ര മോദി പരാമർശിച്ചു. 76ാം സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയശേഷം ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തത്.
ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും മുമ്പ് അദ്ദേഹം രാജ്ഘട്ടിലെത്തി രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിക്ക് ആദരം അർപ്പിച്ചു. പുഷ്പാർച്ചന നടത്തി. അതിനുശേഷം ചെങ്കോട്ടയിലെത്തിയ അദ്ദേഹത്തെ പ്രതിരോധ മന്ത്രി , സഹ പ്രതിരോധ മന്ത്രി , പ്രതിരോധ സെക്രട്ടറി എന്നിവർ ചേർന്ന് സ്വീകരിച്ചു. ത്രിവർണ നിറത്തിലുള്ള തലപ്പാവ് ധരിച്ചാണ് പ്രധാന മന്ത്രി എത്തിയത്. ചെങ്കോട്ടയിൽ എത്തിയ അദ്ദേഹം ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.ശേഷം ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു. അതിനുശേഷം അദ്ദേഹം ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. വായു സേന ഹെലികോപ്ടറുകൾ ഈ സമയം പുഷ്പ വൃഷ്ടി നടത്തി. ചെങ്കോട്ട കനത്ത സുരക്ഷ വലയത്തിൽ ആണ്. 10000 പൊലീസ് ആണ് സുരക്ഷ ഒരുക്കുന്നത്.