ദില്ലി : സുഹൃത്ത് ഡോണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ച പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രാന്‍സ് – യുഎസ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട പ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ട്രംപിന്റെ ചരിത്രപരമായ വിജയത്തിനു ശേഷം നടക്കുന്ന ആദ്യത്തെ കൂടിക്കാഴ്ചയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ട്രംപിന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം. ട്രംപ് ആദ്യം പ്രസിഡന്റായ ഘട്ടത്തില്‍ ഇരു രാജ്യങ്ങളും ആഗോള തന്ത്രപരമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. ഈ സന്ദര്‍ശനത്തിലൂടെ സാങ്കേതികവിദ്യ, വ്യാപാരം, പ്രതിരോധം, ഊര്‍ജം, വിതരണ ശൃംഖല പ്രതിരോധം തുടങ്ങിയ മേഖലകളില്‍ പങ്കാളിത്തം കൂടുതല്‍ ഉയരുന്നതിലേക്ക് നയിക്കും. രണ്ടു രാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കും – മോദി വ്യക്തമാക്കി. 12,13 തീയതികളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം. ഫ്രാന്‍സ് സന്ദര്‍ശിച്ച ശേഷം അവിടെ നിന്നാണ് മോദി യുഎസിലേക്ക് പോകുക. പാരീസില്‍ നടക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആക്ഷന്‍ ഉച്ചകോടിയില്‍ മോദി സഹ അധ്യക്ഷനാകും. ഇന്ത്യ-ഫ്രാന്‍സ് ബന്ധം ശക്തിപ്പെടുത്തുന്നത് മുന്‍നിര്‍ത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി മോദി ചര്‍ച്ച നടത്തും. ശേഷം മാര്‍സേയ് നഗരത്തിലെ പുതിയ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.