ഗുജറാത്ത് : ഒരു ദിവസത്തെ സന്ദർശനത്തിനായി ഗുജറാത്തിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പഴയ അധ്യാപകനെ സന്ദർശിച്ചു. ഗുജറാത്തിലെ നവ്‌സാരിയിലെ വാദ്നഗറിൽ നിന്നുള്ള തന്റെ അധ്യാപകനെയാണ് പ്രധാനമന്ത്രി കണ്ടത്. ജന്മനാടായ വാദ്നഗറിലെ ദർബർഗഡ് പ്രദേശത്തെ സ്‌കൂളിൽ നിന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അതേസമയം, നവ്‌സാരിയില്‍ എ എം നായിക് ഹെല്‍ത്ത്‌കെയര്‍ കോംപ്ലക്‌സും നിരാലി മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലും ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
ഖരേല്‍ വിദ്യാഭ്യാസ സമുച്ചയത്തിന്റെ ഉദ്ഘാടനവും അദ്ദേഹം വെര്‍ച്ച്വലായി നിര്‍വഹിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രദേശത്തെ ജനങ്ങളുടെ ജീവിത സൗകര്യം മെച്ചപ്പെടുത്തുന്ന നിരവധി പദ്ധതികള്‍ നവസാരിക്ക് ഇന്ന് ലഭിച്ചിട്ടുണ്ടെന്ന് ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു. പാവപ്പെട്ടവരുടെ ശാക്തീകരണത്തിനും ജീവിതം എളുപ്പമാക്കുന്നതിനും ആരോഗ്യ സംരക്ഷണ സൗകര്യങ്ങളുടെ നവീകരണവും പ്രാപ്യതയും നിര്‍ണായകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ ആരോഗ്യ മേഖലയെ മെച്ചപ്പെടുത്തുന്നതിന് കഴിഞ്ഞ എട്ട് വര്‍ഷമായി സമഗ്രമായ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചികിത്സാ സൗകര്യങ്ങളുടെ നവീകരണത്തോടൊപ്പം പോഷകാഹാരവും വൃത്തിയുള്ള ജീവിതശൈലിയും മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. പാവപ്പെട്ടവരേയും ഇടത്തരക്കാരെയും രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ഒരുപക്ഷേ രോഗമുണ്ടാകുകയാണെങ്കില്‍ ചെലവ് പരമാവധി കുറയ്ക്കാനുമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ ഗുജറാത്ത് ഒന്നാമതെത്തിയതിലൂടെ ഗുജറാത്തിന്റെ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങളിലും ആരോഗ്യ സംരക്ഷണ സൂചകങ്ങളിലും ഉണ്ടായ പുരോഗതി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സ്വാസ്ഥ്യ ഗുജറാത്ത് (ആരോഗ്യ ഗുജറാത്ത്), ഉജ്ജ്വല ഗുജറാത്ത്, മുഖ്യമന്തി അമൃതം യോജന തുടങ്ങിയ പദ്ധതികള്‍ ആവിഷ്‌കരിച്ച നാളുകള്‍ പ്രധാനമന്ത്രി അനുസ്മരിച്ചു. ഈ അനുഭവം രാജ്യത്തെ മുഴുവന്‍ പാവപ്പെട്ടരേയും സേവിക്കാന്‍ സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആയുഷ്മാന്‍ ഭാരതിന് കീഴില്‍ ഗുജറാത്തില്‍ 41 ലക്ഷം രോഗികള്‍ സൗജന്യ ചികിത്സയുടെ പ്രയോജനം നേടിയിട്ടുണ്ടെന്നും ഇവരില്‍ കൂടുതലും സ്ത്രീകളും ദരിദ്രരും ഗോത്രവിഭാഗത്തില്‍പ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു. ഈ പദ്ധതിയിലൂടെ രോഗികളുടെ 7,000 കോടിയിലധികം രൂപ ലാഭിക്കാന്‍ സാധിച്ചിട്ടുണ്ട്.
ഗുജറാത്തിന് 7,500ലധികം ആരോഗ്യ-സൗഖ്യ കേന്ദ്രങ്ങളും 600 ‘ദീന്‍ദയാല്‍ ഔഷധാലയ’വും ലഭിച്ചു. അര്‍ബുദം പോലുള്ള രോഗങ്ങളുടെ നൂതന ചികിത്സകള്‍ കൈകാര്യം ചെയ്യാന്‍ ഗുജറാത്തിലെ സർക്കാർ ആശുപത്രികള്‍ സജ്ജമായിട്ടുണ്ട്. ഭാവ്‌നഗര്‍, ജാംനഗര്‍, രാജ്‌കോട്ട് തുടങ്ങി നിരവധി നഗരങ്ങളില്‍ അര്‍ബുദചികിത്സയ്ക്കുള്ള സൗകര്യങ്ങളുണ്ട്. വൃക്ക ചികിത്സയുടെ കാര്യത്തിലും അടിസ്ഥാന സൗകര്യങ്ങളില്‍ ഇതേ വിപുലീകരണം സംസ്ഥാനത്ത് ദൃശ്യമാണ്. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ-പോഷകാഹാര മാനദണ്ഡങ്ങളിലെ പുരോഗതിയെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.