ചണ്ഡീഗഢ് : പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പഞ്ചാബിലെത്തും. ഫിറോസ്പൂരില്‍ വലിയ റാലിയടക്കമുള്ള പ്രവര്‍ത്തനങ്ങളുമായാണ് പ്രധാനമന്ത്രി പഞ്ചാബിലെത്തുക. പഞ്ചാബില്‍ നിന്ന് ദില്ലിയിലേക്കുള്ള അതിവേഗപാതയടക്കമുള്ള പദ്ധതികള്‍ മോദി ഉദ്ഘാടനം നടത്തും. 42.750 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനമാണ് ഇതിലൂടെ പ്രാവര്‍ത്തികമാകുക. അതെ സമയം ഫിറോസ്പൂരില്‍ പ്രധാനമന്ത്രി പങ്കെടുക്കാനിരിക്കുന്ന റാലി തടയാന്‍ കര്‍ഷകസംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഹരിയാനയിലെ കര്‍ഷകരും പ്രതിഷേധത്തിനെത്തും. സംയുക്ത കിസാന്‍ മോര്‍ച്ചയിലെ പ്രധാനസംഘടനയായ ബികെയു ഏകതാ അടക്കം പത്തു സംഘടനകളാകും പ്രതിഷേധത്തില്‍ പങ്കെടുക്കുക. എന്നാല്‍ കര്‍ഷകരുടെ നീക്കം മനപ്പൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണെന്ന് ബിജെപി പ്രതികരിച്ചു. കര്‍ഷകസംഘടനകളുടെ ആഹ്വാനം കണക്കിലെടുത്ത് പ്രദേശത്ത് സുരക്ഷകൂട്ടിയിട്ടുണ്ട്.