ദില്ലി: രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. സ്വാതന്ത്ര്യത്തിൻറെ അമൃത മഹോത്സവം പ്രമാണിച്ചാണ് ആഹ്വാനം. ആഗസ്ത് 13 മുതൽ 15 വരെ പതാക പ്രദർശിപ്പിക്കണം. ദേശീയപതാകയുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാകുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ദ്രൗപതി മുർമു ഒരു മികച്ച രാഷ്ട്രപതിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഗോത്ര വിഭാഗത്തിൽ നിന്നുള്ള ഒരു വനിത ഉന്നത സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ഇന്ത്യ ചരിത്രമെഴുതിയെന്നും മോദി പറഞ്ഞു. മുർമുവിനെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി മുര്‍മുവിന്‍റെ ദില്ലിയിലെ താത്കാലിക വസതിയില്‍ നേരിട്ടെത്തി. ദരിദ്രർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും താഴെത്തട്ടിലുള്ളവർക്കും പ്രതീക്ഷയുടെ കിരണമായി മുര്‍മു മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. മോദിക്കൊപ്പം ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയും മുർമുവിനെ കണ്ട് അഭിനന്ദിച്ചു.