ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാ ബെൻ (100) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ ദിവസമാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഹീരാ ബെന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിയോഗ വിവരമറിഞ്ഞ് പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക് തിരിച്ചു. നൂറ്റാണ്ട് കാലം നീണ്ടുനിന്ന ത്യാഗഭരിതമായ ജീവിതമായിരുന്നു അമ്മയുടേതെന്ന് മോദി അനുസ്മരിച്ചു. കഴിഞ്ഞ ജൂണിൽ അമ്മ 100–ാം വയസ്സിലേക്കു പ്രവേശിച്ചപ്പോൾ ഗാന്ധിനഗറിലെ വീട്ടിലെത്തി നരേന്ദ്ര മോദി പാദപൂജ നടത്തിയിരുന്നു.
പ്രധാനമന്ത്രി പദം വരെയെത്തിയ നരേന്ദ്രമോദിയുടെ വളര്‍ച്ചക്ക് എന്നും ഊര്‍ജ്ജമായിരുന്നു അമ്മ ഹീരാബെന്‍. വട് നഗറിലെ ചെറിയ വീട്ടില്‍ നിന്ന് ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതി വരെയെത്തിയ യാത്രയില്‍ അമ്മയേയും മോദി ചേര്‍ത്ത് പിടിച്ചിരുന്നു. അമ്മയുമായുള്ള തൻറെ ആത്മബന്ധത്തെ കുറിച്ച് പ്രധാനമന്ത്രി പലതവണ വാചാലനായി. അമ്മയുടെ നൂറാം പിറന്നാൾ ദിവസം അവർ അതിജീവിച്ച പ്രയാസങ്ങളെകുറിച്ച് പ്രധാനമന്ത്രി തൻറെ ബ്ലോഗിൽ എഴുതി. അസാധാരണ വ്യക്തിത്വത്തിനുടമയായ തൻറെ അമ്മ വളരെ ലളിതമായി ജീവിച്ചു പോന്ന സ്ത്രീയാണെന്ന് പ്രധാനമന്ത്രി അന്ന് കുറിച്ചു.
ഫെയ്‌സ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗുമായി നടത്തിയ അഭിമുഖത്തിൽ അമ്മയെക്കുറിച്ച് സംസാരിക്കുന്നതിനിടെ നരേന്ദ്ര മോദി വികാരാധീനനായി. തന്റെ ജീവിതത്തിന്റെ നെടുംതൂണാണ് അമ്മയെന്നാണ് അന്ന് മോദി പറഞ്ഞത്.
നോട്ട് നിരോധനമുൾപ്പടെ കേന്ദ്ര സർക്കാരിൻറെ പല തീരുമാനങ്ങളും വിവാദമായപ്പോൾ ഹീര ബെന്നിൻറെ നിലപാടുകളും ചർച്ചയായി. നോട്ട് നിരോധനത്തിന് ഹീര ബെൻ എടിഎം ക്യൂവിൽ നിൽക്കുന്നതിൻറെയും, കൊവിഡ് കാലത്ത് വാക്സിൻ കുത്തിവെക്കുന്നതിൻറെയും ഒക്കെ ചിത്രങ്ങൾ രാഷ്ട്രീയ സന്ദേശങ്ങൾ നൽകി. കഴിഞ്ഞ ഡിസംബര്‍ നാലിന് തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഗുജറാത്തിലെത്തിയ നരേന്ദ്ര മോദി അമ്മയെ സന്ദർശിച്ചിരുന്നു.
1922 ജൂൺ 18ന് ഗുജറാത്തിലെ മെഹ്‌സാനയിലാണ് ഹീരാബെൻ ജനിച്ചത്. ചായ വിൽപനക്കാരനായ ദാമോദർദാസ് മൂൽചന്ദ് മോദിയെ വിവാഹം കഴിച്ചു. ദാമോദർദാസ് മൂൽചന്ദ് മോദി- ഹീരാബെൻ ദമ്പതികളുടെ ആറു മക്കളിൽ മൂന്നാമനാണ് നരേന്ദ്ര മോദി. സോമ മോദിയാണു മൂത്ത മകൻ. അമൃത് മോദി, പ്രഹ്ലാദ് മോദി, പങ്കജ് മോദി. വാസന്തി ബെൻ എന്നിവരാണ് മറ്റു മക്കൾ. ഭർത്താവിന്റെ മരണം വരെ വഡ്‌നഗറിലെ കുടുംബ വീട്ടിലായിരുന്നു താമസം. ഭർത്താവിന്റെ മരണത്തോടെ ഇളയമകനായ പങ്കജ് മോദിയുടെ വീട്ടിലാണ് താമസം.