ഫോറം ഫോര്‍ ഇന്ത്യ-പസഫിക് ഐലന്‍ഡ്‌സ് കോ ഓപ്പറേഷന്‍( എഫ്‌ഐപിഐസി) ഉച്ചകോടിയില്‍ പങ്കെടുക്കാനായി പാപ്പുവ ന്യൂ ഗിനിയയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വന്‍ വരവേല്‍പ്പ്. പാപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപെ നരേന്ദ്രമോദിയുടെ പാദങ്ങളില്‍ തൊട്ട് വന്ദിച്ചാണ് അദ്ദേഹത്തെ സ്വീകരിച്ചത്. സൂര്യാസ്മയത്തിന് ശേഷം രാജ്യത്തിലെത്തുന്ന ഒരു നേതാവിനും ഇത്തരം സ്വീകരണം നല്‍കുന്ന പതിവില്ലെങ്കിലും അതിന് വിപരീതമായി എല്ലാ ആചാരങ്ങളോടും കൂടിയ വരവേല്‍പ്പാണ് പാപ്പുവ ന്യൂ ഗിനിയയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ലഭിച്ചത്. ഇതിന്റെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.
#WATCH | Prime Minister of Papua New Guinea James Marape seeks blessings of Prime Minister Narendra Modi upon latter's arrival in Papua New Guinea. pic.twitter.com/gteYoE9QOm
— ANI (@ANI) May 21, 2023
മേഖലയില്‍ ചൈന സ്വാധീനം ചെലുത്താന്‍ ശ്രമിക്കുന്നതിനെ ശക്തമായി പ്രതിരോധിക്കുന്നതിനിടെ ഇതാദ്യമായാണ് പ്രധാനമന്ത്രി പാപ്പുവ ന്യൂ ഗിനിയ സന്ദര്‍ശിക്കുന്നത്. ജപ്പാനില്‍ നടന്ന ജി-7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് മോദി പാപ്പുവ ന്യൂ ഗിനിയയിലെത്തിയത്.പാപ്പുവ ന്യൂ ഗിനിയയിലെ പോര്‍ട്ട് മോറെസ്ബി വിമാനത്താവളത്തില്‍ മോദി വന്നിറങ്ങിയപ്പോഴാണ് ആദരസൂചകമായി പാപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപെ അദ്ദേഹത്തിന്റെ കാല് തൊട്ട് വന്ദിച്ചത്. മോദിയുടെ വരവ് പ്രമാണിച്ച് അവിടെ ഇന്ത്യയുടെ ദേശീയ ഗാനം കേള്‍പ്പിക്കുകയും ഇരുപ്രധാനമന്ത്രിമാരും എഴുന്നേറ്റ് ആദരവ് പ്രകടിപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രി മോദിയുടെ വരവില്‍ ഗാര്‍ഡ് ഓഫ് ഓണറും നല്‍കി.