ദോഹ: അന്താരാഷ്ട്ര മര്യാദകളെല്ലാം ലംഘിച്ച് ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ മേഖലയെ മുഴുവൻ കുഴപ്പത്തിലേക്ക് തള്ളിവിടുമെന്ന മുന്നറിയിപ്പുമായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി. ഖത്തർ സന്ദർശിക്കുന്ന തുർക്കി വിദേശകാര്യമന്ത്രി ഹകാൻ ഫിദാനൊപ്പം ദോഹയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ആഴ്ചകളായി ഇസ്രായേൽ തുടരുന്ന യുദ്ധത്തിനും നിഷ്ഠൂരമായ ആക്രമണങ്ങൾക്കുമെതിരെ ആഞ്ഞടിച്ചത്.
മുഴുവൻ മേഖലയെയും കുഴപ്പത്തിലെത്തിക്കുന്നത് അസഹനീയമായ പ്രതിസന്ധിക്ക് കാരണമാകുമെന്നും, എത്രയും വേഗം ആക്രമണം അവസാനിപ്പിക്കണമെന്നും അദ്ദേഹം ഇസ്രായേലിനോടും അന്താരാഷ്ട്ര സമൂഹത്തോളം ആവശ്യപ്പെട്ടു.
‘സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ മറ്റു ലോകരാജ്യങ്ങളുമായി ചേർന്ന് ഖത്തർ തുടരും. ഹമാസ് തടവിലാക്കിയ ബന്ദികളുടെ മോചനത്തിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ പുരോഗതിയുണ്ടായിട്ടുണ്ട് -ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കി. താമസിയാതെ ഫലപ്രാപ്തിയിലെത്തുമെന്ന ശുഭാപ്തി വിശ്വാസവും പ്രകടിപ്പിച്ചു.
സമാധാനപരമായ പരിഹാരത്തിലെത്താനുള്ള ഏക വഴി ആശയവിനിമയ മാർഗങ്ങൾ തുറന്നിടുക എന്നതാണെന്നും തുർക്കിയുമായും പ്രാദേശിക പങ്കാളികളുമായും ഖത്തർ ഇക്കാര്യത്തിൽ ഏകോപനം തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോകരാജ്യങ്ങളുടെ ഏകപക്ഷീയമായിമാറുന്ന നിലപാടിനെയും അദ്ദേഹം വിമർശിച്ചു. യുദ്ധത്തിന്റെ പേരിൽ നഷ്ടമാവുന്ന ഓരോ ജീവനും വിലപ്പെട്ടതാണ്, എന്നാൽ ഒരു വശത്തെ ജീവഹാനിയെ കുറിച്ചു മാത്രമല്ല, എല്ലാ നഷ്ടങ്ങളും അപലപിക്കപ്പെടേണ്ടതാണ് -അദ്ദേഹം വിശദീകരിച്ചു. അതേസമയം, യുദ്ധം അവസാനിപ്പിക്കാനും, കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്നത് തടയുന്നതിനും ബന്ദി മോചനത്തിനുമായി ഖത്തർ ശ്രമിക്കുേമ്പാൾ ഇസ്രായേലിന്‍റെ പക്ഷത്തു നിന്നും രാഷ്ട്രീയ താൽപര്യങ്ങളുടെ പേരിൽ നടത്തുന്ന ചില പ്രസ്താവനകൾ നിരാശപ്പെടുത്തുന്നതാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.