ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ഗുജറാത്ത് സർവ്വകലാശാല പുറത്തു വിടേണ്ടതില്ല എന്ന ഉത്തരവ് ആവർത്തിച്ച് ഗുജറാത്ത് ഹൈക്കോടതി. സർട്ടിഫിക്കറ്റുകൾ അരവിന്ദ് കെജ്രിവാളിന് നല്കണമെന്ന വിവരാവകാശ കമ്മീഷൻ നിർദ്ദേശം റദ്ദാക്കിയ വിധി പുനപരിശോധിക്കാനാവില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കി. നരേന്ദ്ര മോദി 2014ല്‍ മത്സരിക്കാൻ പത്രിക നല്കിയപ്പോൾ ബിഎ, എംഎ കോഴ്സുകൾ താൻ പാസ്സായെന്ന് രേഖപ്പെടുത്തിയിരുന്നു.
ബിഎ ഇൻ എന്‍റയര്‍ പൊളിറ്റിക്കൽ സയൻസ് എന്നായിരുന്നു മോദി രേഖപ്പെടുത്തിയിരുന്നത്. ഇങ്ങനെയൊരു കോഴ്സ് ഇല്ല എന്നും മോദി തെറ്റായ വിവരം നല്‍കി എന്നും എതിരാളികൾ ചൂണ്ടിക്കാട്ടിയതോടെയാണ് വിവാദം ശക്തമായത്. അരവിന്ദ് കെജ്രിവാൾ കേന്ദ്ര ഇൻഫർമേഷൻ കമ്മീഷന് രേഖകൾ ചോദിച്ച് കത്ത് നല്‍കി. ഇതംഗീകരിച്ച കമ്മീഷൻ ദില്ലി സർവ്വകലാശാലയ്ക്കും ഗുജറാത്ത് സർവ്വകലാശാലയ്ക്കും രേഖകൾ കെജ്രിവാളിന് നല്‍കാന്‍ നിർദ്ദേശം നല്കി. ഇതോടെ 2016ൽ അമിത് ഷാ, അരുൺ ജയ്റ്റ്ലി എന്നിവർ ചേർന്ന് മോദിയുടെ ബിഎ, എംഎ സർട്ടിഫിക്കറ്റുകൾ വാർത്താസമ്മേളനം വിളിച്ച് മാധ്യമങ്ങളെ കാണിച്ചു. ബിഎ സർട്ടിഫിക്കറ്റ് യഥാർത്ഥമാണെന്ന് ദില്ലി സർവ്വകലാശാല അറിയിപ്പ് നല്‍കുകയും ചെയ്തു.
എന്നാൽ ഗുജറാത്ത് സർവ്വകലാശാല ഇൻറർമേഷൻ കമ്മീഷന്‍റെ നിർദ്ദേശം ചോദ്യം ചെയ്ത് ഗുജറാത്ത് ഹൈക്കോടതിയിലെത്തി. കെജരിവാളിന് സർട്ടിഫിക്കറ്റ് നല്‍കേണ്ടതില്ല എന്നാണ് കോടതി ഉത്തരവ് നല്‍കിയത്. കെജ്രിവാൾ 25000 രൂപ കോടതി ചെലവായി കെട്ടിവയ്ക്കണം എന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഈ ഉത്തരവ് പുനപരിശോധിക്കണം എന്ന കെജ്രിവാളിന്‍റെ അപേക്ഷയാണ് ഇന്ന് തള്ളിയത്. ബിജെപി കാണിച്ച മോദിയുടെ സർട്ടിഫിക്കറ്റ് ഔദ്യോഗികമായി പുറത്തുവിടാനുള്ള ബാധ്യത ഇതോടെ ഗുജറാത്ത് സർവ്വകലാശാലയ്ക്ക് ഇല്ലാതാകുകയാണ്. ഹൈക്കോടതി നിർദ്ദേശം ചോദ്യം ചെയ്ത് ഇനി കെജരിവാളിന് സുപ്രീംകോടതിയെ സമീപിക്കാൻ കഴിയും.