ശ്രീനഗർ: സ്‌കൂളിൽ ഡ്രസ് കോഡ് നിർബന്ധിക്കുന്നുവെന്നാരോപിച്ച് പ്രിൻസിപ്പളിന് ഭീകര സംഘടനയുടെ ഭീഷണി. ശ്രീനഗറിലെ വിശ്വഭാരതി ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്രിൻസിപ്പളിന് നേരെയാണ് ഭീഷണിയുണ്ടായത്. തുടർന്ന് അദ്ദേഹം മാപ്പ് പറഞ്ഞു. യൂണിഫോമിന്റെ ഭാഗമായി ഹിജാബ് ധരിക്കാമെങ്കിലും സ്‌കൂളിനുള്ളിൽ പർദ്ദ ധരിക്കരുതെന്ന് പ്രിൻസിപ്പൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചില വിദ്യാർഥികൾ ഇക്കാര്യം അംഗീകരിക്കാൻ വിസമ്മതിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. പ്രിൻസിപ്പൽ ഡ്രസ് കോഡ് നടപ്പാക്കുന്നതായി വിദ്യാർഥികൾ ആരോപിച്ചു. മതപരമായ ആചാരങ്ങൾക്കനുസരിച്ച് എന്ത് ധരിക്കണമെന്ന് തെരഞ്ഞെടുക്കുന്നതിന് എതിരാണ് പ്രിൻസിപ്പളുടെ തീരുമാനമെന്ന് വിദ്യാർഥികൾ ആരോപിച്ചു. പർദ ധരിക്കണമെങ്കിൽ മദ്രസയിൽ ചേരണമെന്ന് പ്രിൻസിപ്പൽ പറഞ്ഞതായി പെൺകുട്ടികൾ പറഞ്ഞു. കര്‍ണാടകയിലേത് പോലെ ശ്രീനഗറിലും ഡ്രസ് കോഡ് നടപ്പാക്കാനാണ് പ്രിന്‍സിപ്പളുടെ ശ്രമമെന്നും ചിലര്‍ ആരോപിച്ചു.
എന്നാൽ പ്രിൻസിപ്പൽ ആരോപണം നിഷേധിച്ചു. പ്രതിഷേധത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ മാധ്യമങ്ങളും ഏറ്റെടുത്തു. രാഷ്ട്രീയ നേതാക്കൾ സ്കൂൾ അധികൃതർക്കെതിരെ രംഗത്തെത്തി. സ്‌കൂളിലെ ഭൂരിഭാഗം പെൺകുട്ടികളും ഹിജാബ് ധരിക്കാറുണ്ടെന്നും ശരീരം മൊത്തം മൂടുന്ന പർദ്ദ ധരിക്കരുതെന്നാണ് ആവശ്യപ്പെട്ടതെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി. തൊട്ടുപിന്നാലെ, പ്രിൻസിപ്പലിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ഭീകരസംഘം പ്രസ്താവന പുറപ്പെടുവിച്ചു. പിന്നാലെ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വികാരം വ്രണപ്പെടുത്തിയതിൽ ക്ഷമാപണം നടത്തി പ്രിൻസിപ്പൽ രംഗത്തെത്തി. വിദ്യാർഥികൾക്ക് പർദ ധരിക്കാമെന്നും ക്ലാസ് മുറികളിൽ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.
കർണാടകയിൽ നേരത്തെ ഹിജാബ് വിവാദമുയർന്നിരുന്നു. സ്കൂളിൽ ഹിജാബ് ധരിക്കരുതെന്നും നിർദേശിക്കുന്ന യൂണിഫോം മാത്രമേ അനുവദിക്കാവൂവെന്നും ചില സ്കൂളുകൾ തീരുമാനിച്ചതിന് പിന്നാലെ വിവാദം പൊട്ടിപ്പുറപ്പെട്ടു. സംഭവം സുപ്രീം കോടതി വരെയെത്തി. സ്കൂളില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന യൂണിഫോം മതിയെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയതോടെയാണ് പരാതിക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.