എരുമേലി: കോട്ടയം എരുമേലിയില്‍ സ്വകാര്യ ബസ് ജീവനക്കാരനെ നടുറോഡില്‍ മര്‍ദിച്ച സംഭവത്തില്‍ വഴിത്തിരിവ്. മര്‍ദനമേറ്റ ബസ് ജീവനക്കാരനെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്സോ കേസെടുത്ത് റിമാന്‍ഡ് ചെയ്തു. അതേസമയം ബസ് ജീവനക്കാരനെ മര്‍ദിച്ച യുവാവിനെ ഇനിയും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
വ്യാഴാഴ്ച വൈകിട്ടാണ് എരുമേലി ടൗണില്‍ സ്വകാര്യ ബസ് ജീവനക്കാരനായ അച്ചു എന്ന ഇരുപത്തി രണ്ടുകാരന് മര്‍ദനമേറ്റത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ അച്ചുവിനെ മര്‍ദിച്ച കബീര്‍ എന്ന യുവാവിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ഇതിനു പിന്നാലെയായിരുന്നു ട്വിസ്റ്റ്. കബീറിന്‍റെ ബന്ധുവായ യുവതി ബസ് ജീവനക്കാരനായ അച്ചുവിനെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ബസില്‍ കയറുന്നതിനിടെ അച്ചു തന്നോട് മോശമായി പെരുമാറി എന്നായിരുന്നു യുവതിയുടെ മൊഴി. ഇതോടെയാണ് അച്ചുവിനെതിരെയും പൊലീസ് പോക്സോ വകുപ്പനുസരിച്ചുളള കേസ് എടുത്തത്. ബന്ധുവായ യുവതിയോട് അച്ചു മോശമായി പെരുമാറിയതിന്‍റെ പ്രകോപനത്തിലാണ് അച്ചുവിനെ കബീര്‍ മര്‍ദിച്ചതെന്നാണ് പൊലീസ് ഭാഷ്യം. അച്ചു അറസ്റ്റിലായെങ്കിലും അച്ചുവിനെ ആക്രമിച്ച കബീര്‍ ഇപ്പോഴും ഒളിവിലാണ്.ഇയാള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് എരുമേലി പൊലീസ് അറിയിച്ചു.