തിരുവനന്തപുരം : സംസ്ഥാന ബജറ്റിൽ പ്രതീക്ഷയോടെ സ്വകാര്യ ബസ് മേഖല. ഇന്ധന നികുതിയും വാഹന നികുതിയും ഒരു വർഷത്തേക്ക് ഒഴിവാക്കണമെന്ന് ഉടമകൾ. പൊൻമുട്ടയിടുന്ന താറാവായ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ആവശ്യമാണെന്നും ആൾ കേരള ബസ് ഓപ്പറ്റേഴ്‌സ് ഓർഗനൈസേഷൻ ജോയിൻ സെക്രട്ടറി രാജൻ പറഞ്ഞു. വണ്ടിയുടെ ടാക്‌സ് കുറയ്ക്കുക, ബസ് ചാർജ് വർധിപ്പിക്കുക, തൊഴിലാളികളുടെ ശമ്പളം വർധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് ബസ് തൊഴിലാളികളും പറയുന്നു. പന്ത്രണ്ടായിരം മുതൽ പതിനാലായിരം വരെയുണ്ടായിരുന്ന സ്വകാര്യ ബസുകളുടെ എണ്ണം ഇന്ന് ആറായിരത്തിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. സ്വകാര്യ ബസ് മേഖലയെ പിടിച്ചുനിർത്തേണ്ടത് സർക്കാരിന്റെ കൂടി അനിവാര്യതയാണ്. അതിന് വേണ്ട ഇടപടെലുകൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഓരോ ബസ് തൊഴിലാളിയും മുന്നോട്ട് വയ്ക്കുന്നത്.