കൊല്ലം : കശുവണ്ടി വ്യവസായത്തിന്റെ ഈറ്റില്ലമായ കൊല്ലത്തെ സ്വകാര്യ കശുവണ്ടി ഫാക്ടറികൾ ജപ്തി ഭീഷണിയിൽ. ജില്ലയിലുള്ള ഫാക്ടറികളിൽ നാലിലൊന്ന് മാത്രമാണ് ഇപ്പോൾ പ്രവര്‍ത്തിക്കുന്നത്. പ്രതിസന്ധിയിലായവര്‍ക്ക് താങ്ങാകുമെന്ന് കരുതിയ സ്പെഷ്യൽ ഒടിഎസ് നടപ്പാക്കാൻ ബാങ്കുകളും മടിക്കുകയാണ്.
കൊല്ലം ദുർഗ കാഷ്യൂസിന്റെ ഫാക്ടറി. 500 ലധികം തൊഴിലാളികൾ പണിയെടുത്തിരുന്നിടം. ഇന്ന് ആളൊഴിഞ്ഞ പൂരപ്പറന്പ് പോലെയാണ്. 25 വര്‍ഷം മുന്പ് തുടങ്ങിയതാണ് ഈ ഫാക്ടറി. നല്ല കാലത്ത് 5 ഫാക്ടറികൾ വരെയുണ്ടായിരുന്നു . എന്നാൽ ഇന്ന് 22 കോടി രൂപയുടെ കട ബാധ്യതയാണ് . ഏത് സമയവും ഫാക്ടറി ബാങ്ക് ജപ്തി ചെയ്യാമെന്ന അവസ്ഥ. കൊല്ലത്ത് എണ്ണൂറോളം കശുവണ്ടി ഫാക്ടറികളാണ് നേരത്തെ ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് പ്രവര്‍ത്തിക്കുന്നത് നൂറ്റന്പതിൽ താഴെ മാത്രം.
വിദേശ രാജ്യങ്ങളും മറ്റ് സംസ്ഥാനങ്ങളും കശുവണ്ടി സംസ്കരണ യൂണിറ്റുകൾ തുടങ്ങിയതോടെയാണ് പ്രതിസന്ധിയുടെ തുടക്കം. മെഷീനുകൾ ഉപയോഗിച്ച് അവര്‍ വ്യവസായം വലുതാക്കിയപ്പോൾ പരന്പരാഗത രീതി പിന്തുടര്‍ന്നതാണ് കൊല്ലത്തെ കശുവണ്ടി ഫാക്ടറി ഉടമകൾക്ക് തിരിച്ചടിയായത്
സംസ്ഥാന സര്‍ക്കാരുമായുള്ള ചർച്ചയിൽ ലോണിളവിന് സ്പെഷ്യൽ ഒടിഎസ് സ്കീം നടപ്പാക്കാമെന്ന് ബാങ്കധികൃതർ പറഞ്ഞെങ്കിലും പല ബാങ്കുകളും ഇതിനോട് മുഖം തിരിക്കുകയാണ്. ഇതിൽ സര്‍ക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് കശുവണ്ടി ഫാക്ടറി ഉടമകളുടെ ആവശ്യം.