മനാമ: ബഹ്റൈനില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച സ്വകാര്യ മെഡിക്കല്‍ സ്ഥാപനം അധികൃതര്‍ പൂട്ടിച്ചു. ഇവിടെയുണ്ടായിരുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ കണ്ടുകെട്ടിയതായും വ്യാഴാഴ്‍ച നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.
ലൈസന്‍സില്ലാതെ മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും ഇറക്കുമതി ചെയ്യുകയും അവ മാനദണ്ഡങ്ങള്‍ പാലിക്കാതെയും തെറ്റായ രീതിയിലും സ്ഥാപനത്തില്‍ സൂക്ഷിക്കുകയും ചെയ്‍തുവെന്ന് നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. സ്ഥാപനത്തിന്റെ വാണിജ്യ രജിസ്‍ട്രേഷന്‍ കാലാവധി അവസാനിച്ചിട്ടും നിയമവിരുദ്ധമായാണ് പ്രവര്‍ത്തനം തുടര്‍ന്നിരുന്നത്. പെര്‍മിറ്റുകള്‍ നിലവിലില്ലാതിരുന്നിട്ടും സ്ഥാപനം പ്രവര്‍ത്തനം തുടര്‍ന്നുവെന്ന് ഔദ്യോഗിക പ്രസ്‍താവന പറയുന്നു.
മാനദണ്ഡങ്ങള്‍ പാലിക്കാതെ സൂക്ഷിച്ചിരുന്ന മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും ഇവിടെ വില്‍പന നടത്തി. അവയുടെ ഗുണനിലവാരവും സുരക്ഷയും സംബന്ധിച്ച ആശങ്കളുയര്‍ത്തുന്നതായിരുന്നു ഇതെന്നും അധികൃതര്‍ പറഞ്ഞു. ഇതിന് പുറമെ ഒരേ പേരില്‍ മറ്റൊരു പുതിയ വാണിജ്യ രജിസ്‍ട്രേഷന്‍ കൂടി നേടി നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയെ തെറ്റിദ്ധരിപ്പിക്കാനും ശ്രമം നടത്തി. തുടര്‍ നടപടികള്‍ക്കായി കേസ് ബന്ധപ്പെട്ട നിയമ വിഭാഗങ്ങള്‍ക്ക് കൈമാറി. രാജ്യത്ത് മെഡിക്കല്‍ സാധനങ്ങളുടെ വ്യാപാരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങളും നിബന്ധനകളും പാലിക്കണമെന്ന് നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി ആവശ്യപ്പെട്ടു.