മനുഷ്യമൃഗ സഹവാസങ്ങൾ സാധാരണമാണെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ അതുണ്ടാക്കുന്ന അപകടങ്ങൾക്ക് വലിയ വില തന്നെ കൊടുക്കേണ്ടി വന്നേക്കാം. വലിയ വില എന്ന് പറയുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ സ്വന്തം ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം എന്ന് ചുരുക്കം. അത്തരത്തിലൊരു ഭീകരമായ അനുഭവമാണ് യൂറോപ്പിലെ ഒരു സ്വകാര്യ മൃഗശാലയിൽ ഉണ്ടായത്. മൃഗശാലയിൽ വളർത്തിയിരുന്ന സിംഹം ഉടമസ്ഥനെ കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
യൂറോപ്പിലെ ജോ എക്സോട്ടിക് എന്നറിയപ്പെടുന്ന ജോസഫ് ബി എന്നയാളാണ് സ്വന്തം മൃഗശാലയിൽ കൊല്ലപ്പെട്ടത്. മൃഗശാലക്കുള്ളിൽ നിന്നും അദ്ദേഹത്തിൻറെ അസ്ഥികൾ കണ്ടെത്തിയതോടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറത്തെത്തിയത്. സ്ലൊവാക്യയിലെ ഓസ്കർഡയിൽ താമസിക്കുന്ന ജോ ഒരു സ്വകാര്യ മൃഗശാല തൻറെ വീടിനോട് ചേർന്ന് നടത്തിയിരുന്നു. ഈ മൃഗശാലയ്ക്കുള്ളിൽ ഉണ്ടായിരുന്ന മൃഗങ്ങൾ ചേർന്ന് അദ്ദേഹത്തെ കൊലപ്പെടുത്തിയത് ആകാമെന്നാണ് പൊലീസ് കരുതുന്നത്.
അദ്ദേഹത്തെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് മൃഗശാലയ്ക്കുള്ളിൽ അസ്ഥികൾ കണ്ടെത്തിയത്. സിംഹങ്ങൾക്ക് ഭക്ഷണം കൊടുക്കാനായിരുന്നു അദ്ദേഹം ആ സമയം മൃഗശാലയ്ക്ക് ഉള്ളിലേക്ക് പോയത്. എന്നാൽ സിംഹങ്ങൾ അദ്ദേഹത്തെ തന്നെ ഭക്ഷണമാക്കി എന്നാണ് പൊലീസ് പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഏതാനും അസ്ഥികൾ മാത്രമാണ് മൃഗശാലക്കുള്ളിൽ കണ്ടെത്താനായത്. മെയ് 16 -നാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചു കൊണ്ടുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്.
ഇദ്ദേഹത്തിന് മൃഗങ്ങളെ വളർത്തുന്നതിനുള്ള ലൈസൻസ് ഉണ്ടായിരുന്നെങ്കിലും 2019 -ൽ ഇത് കാലഹരണപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് ഇദ്ദേഹം ലൈസൻസ് പുതുക്കിയിരുന്നില്ല. മാത്രമല്ല മൃഗങ്ങളെ ഏതാനും ദിവസങ്ങളോളം ഭക്ഷണം നൽകാതെ ഇടുന്നതും ജോയുടെ പതിവായിരുന്നു. അതുകൊണ്ടുതന്നെ ഇതിനുമുൻപും ഇദ്ദേഹത്തിൻറെ മൃഗങ്ങൾ മനുഷ്യരെ ആക്രമിച്ചിട്ടുണ്ട് എന്നാണ് ദ സൺ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ മൃഗസംരക്ഷണ പ്രവർത്തകരുടെ സംരക്ഷണയിലാണ് മൃഗങ്ങൾ.