ബംഗളൂരു: രണ്ടര വർഷം കഴിഞ്ഞാൽ ഡി.കെ.ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകുമെന്ന പ്രസ്താവന തള്ളി മന്ത്രി പ്രിയങ്ക് ഖാർഗെ. ഡി.കെ.ശിവകുമാറിന്റെ സഹോദരൻ ഡി.കെ.സുരേഷാണ് രണ്ടര വർഷം കഴിഞ്ഞാൽ ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന് അറിയിച്ചത്.
ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണെന്ന് പ്രിയങ്ക് ഖാർഗെ പറഞ്ഞു. ശിവകുമാറോ മറ്റാരെങ്കിലുമോ മുഖ്യമന്ത്രിയാകുമെന്നത് സംബന്ധിച്ച് സൂചനകളൊന്നും പുറത്ത് വന്നിട്ടില്ല. ഇക്കാര്യത്തൽ സംസാരിക്കാൻ ആർക്കും അധികാരമില്ല. ഹൈക്കമാൻഡാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ശിവകുമാറുമാണ്. അവരുടെ നേതൃത്വത്തിലാണ് നമ്മൾ തെരഞ്ഞെടുപ്പിനെ നേരിട്ടത്. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പും ഇവരുടെ നേതൃത്വത്തിൽ തന്നെ കർണാടക കോൺഗ്രസ് നേരിടും.
രണ്ടര വർഷത്തിന് ശേഷം ശിവകുമാർ കർണാടക മുഖ്യമന്ത്രിയായാൽ തീരുമാനം സ്വാഗതം ചെയ്യുമോയെന്ന ചോദ്യത്തിന് ഇപ്പോൾ ബജറ്റിനും ലോക്സഭ തെരഞ്ഞെടുപ്പിനുമാണ് പ്രാധാന്യം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടര വർഷത്തിന് ശേഷം ഡി.കെ.ശിവകുമാർ മുഖ്യമന്ത്രിയാവുമെന്നായിരുന്നു ഡി.കെ.സുരേഷിന്റെ പ്രസ്താവന. ക്ഷമയോടെ കാത്തിരിക്കു, ശിവകുമാറിന്റെ സ്വപ്നം യാഥാർഥ്യമാവുന്ന ദിവസം വരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.