ദില്ലി : രാഹുൽ ഗാന്ധിക്ക് പിന്നാലെ അദാനി-മോദി ബന്ധം ചോദ്യംചെയ്തും ബിജെപിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും. രാജ്യത്തിന്റെ സമ്പത്ത് അദാനിയടക്കം കൊള്ളചെയ്യുന്നതിനെ ചോദ്യം ചെയ്യേണ്ട സമയമായെന്ന് പ്രിയങ്കാ ഗാന്ധി ആഹ്വാനം ചെയ്തു. രാജ്ഘട്ടില്‍ കോൺഗ്രസ് സത്യാഗ്രഹ വേദിയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.
ബിജെപിയുടെ ജനാധിപത്യ വിരുദ്ധ നിലപാടിനെതിരെ നിരന്തരം ചോദ്യങ്ങൾ ഉന്നയിക്കുന്ന വ്യക്തിയെയാണ് എട്ട് വർഷത്തേക്ക് അയോഗ്യനാക്കി പാർലമെന്റിന് പുറത്താക്കിയത്. രാഹുൽ രാജ്യത്തെയും, പിന്നാക്ക വിഭാഗത്തെയും അപമാനിച്ചുവെന്ന പ്രചാരണമാണ് ബിജെപി നടത്തിയത്. ഹാർവാർഡിൽ നിന്നും കേംബ്രിഡ്ജിൽ നിന്നും ബിരുദമെടുത്ത രാഹുലിനെ പപ്പുവെന്ന് വിളിച്ച് അപമാനിച്ചു. തന്റെ സഹോദരനെയും, കുടുംബത്തെയും അപമാനിച്ചു. രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ ഒരു രക്തസാക്ഷിയുടെ മകനെയാണ് അവർ രാജ്യദ്രോഹിയെന്ന് വിളിക്കുന്നതെന്ന് ഓർമ്മിക്കണം. രക്തസാക്ഷിയായ പിതാവിനെ പലതവണ പാർലമെന്റിൽ അപമാനിച്ചു. അവർക്കെതിരെയൊന്നും മാനനഷ്ടത്തിന് കേസെടുത്തിട്ടില്ല.
അദാനിയടക്കം കൊള്ള ചെയ്യുന്നത് രാഹുലിന്റെ സ്വത്തല്ല. ഈ രാജ്യത്തിന്റെ സമ്പത്താണെന്ന് മനസിലാക്കണം. അതിനെതിരെ, ഈ രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പോരാട്ടം നടത്തുന്നത്. അദാനിയെ കുറിച്ച് പറയുമ്പോൾ ആർക്കാണ് ഇത്രയേറെ പ്രയാസമെന്നും അദാനിയുടെ പേര് പറയുമ്പോൾ ബിജെപി നേതാക്കൾക്ക് വെപ്രാളമെന്താണെന്നും പ്രിയങ്ക ചോദിച്ചു. അദാനിയുടെ ഷെൽ കമ്പനികളിൽ 20,000 കോടി നിക്ഷേപിച്ചതാരാണെന്ന് വ്യക്തമാകണം. ബിജെപി ഇതെല്ലാം അദാനിക്ക് വേണ്ടിയാണ് നടത്തുന്നത്. രാഹുൽ സഭയിലുയർത്തിയ ചോദ്യങ്ങൾക്കൊന്നും ഇതുവരെയും മറുപടിയില്ല. ഭീരുവും അഹങ്കാരിയുമായ ഈ രാജ്യത്തെ പ്രധാനമന്ത്രിക്ക് ജനം മറുപടി നൽകുമെന്നും പ്രിയങ്ക തുറന്നടിച്ചു.
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്‍റെ സത്യാഗ്രഹം തുടരുകയാണ്. പ്രദേശത്ത് നിരോധനാജ്ഞ നിലനില്‍ക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് പരിപാടിക്ക് ആദ്യം അനുമതി നിഷേധിച്ചിരുന്നുവെങ്കിലും പിന്നീട് അനുവദിക്കുകയായിരുന്നു.