ഒഞ്ചിയം : പാഴായ ഗുളികകൾക്ക് കലാപരമായ പുതിയ സാധ്യതകൾ തുറന്നിടുകയാണ് കലാകാരിയായ തട്ടോളിക്കരയിലെ കക്കൂഴി പറമ്പത്ത് പ്രിയങ്ക. താൻ ഗർഭിണിയായിരിക്കുമ്പോൾ ഡോക്ടർ കുറിച്ചുകൊടുത്ത ഗുളിക പാഴായപ്പോൾ പ്രിയങ്കയ്ക്ക് തോന്നിയ ആശയമാണ് അതിൽ വിവിധ രാജ്യങ്ങളുടെ പതാകയ്ക്ക് രൂപം നൽകുക എന്നത്. 56 രാജ്യങ്ങളുടെ പതാകകൾ ഗുളികകളിൽ അക്രിലിക്ക് പെയിന്റ് നൽകി ബുക്ക് ഓഫ് ഇന്ത്യാ റെക്കോഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോഡ് എന്നിവയിൽ ഇടം നേടിയിരിക്കുകയാണ് ഈ യുവകലാകാരി. പാഴ്വസ്തുകളായ ബോട്ടിലുകൾ, വിത്തുകൾ, ഷെല്ലുകൾ എന്നിവയിലും വിവിധ കലാരൂപങ്ങൾ തീർക്കുന്നുണ്ട് പ്രിയങ്ക. ഭർത്താവ് പ്രവാസിയായ ശോഭിലാലിന്റെ പ്രോത്സാഹനവും ഉണ്ട് നേട്ടങ്ങൾക്ക് പിന്നിൽ. തലശ്ശേരി മഞ്ഞോടി സ്കൂൾ ഓഫ് ആർട്സിൽനിന്ന് പഠനം കഴിഞ്ഞിരിക്കുകയാണ് പ്രിയങ്ക.