ന്യൂഡൽഹി : ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ നിന്നുതിരിയാൻ സമയമില്ലാത്ത അവസ്ഥയാണ് കോൺഗ്രസ് നേതാവ് പ്രിയങ്കാഗാന്ധിക്ക്. യു.പി.യിൽ പാർട്ടിയുടെ ചുമതല പ്രിയങ്കയ്ക്കാണ്. എന്നാൽ തെരഞ്ഞെടുപ്പു പ്രചാരണത്തിരക്കിനിടയിലും മക്കളെ പഠനത്തിൽ സഹായിക്കാറുണ്ടെന്ന് പ്രിയങ്ക പറയുന്നു.
പ്രചാരണം കഴിഞ്ഞെത്തി ചിലപ്പോൾ പുലർച്ച മൂന്നു-നാലു മണിവരെ മക്കൾക്കൊപ്പമിരുന്ന് അവർ ഗൃഹപാഠം പൂർത്തിയാക്കിയെന്ന് ഉറപ്പാക്കാറുണ്ട്. അതൊരിക്കലും ബുദ്ധിമുട്ടായി തോന്നിയിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു. ഫെയ്സ്ബുക്കിൽ നടത്തിയ തത്സമയ ചോദ്യോത്തരപരിപാടിയിലായിരുന്നു ഈ പ്രതികരണം.
കുട്ടികളെ ഗൃഹപാഠം ചെയ്യാൻ സഹായിക്കാറുണ്ടോ എന്ന ചോദ്യത്തിനാണ് തത്സമയപരിപാടിക്കു തൊട്ടുമുമ്പുപോലും അസൈൻമെന്റ് പൂർത്തിയാക്കാൻ മകൾക്കൊപ്പമായിരുന്നുവെന്ന് പ്രിയങ്ക പറഞ്ഞു. മക്കളുടെ സുഹൃത്തുക്കളെയും ഗൃഹപാഠം ചെയ്യാൻ സഹായിക്കാറുണ്ടെന്ന് അവർ പറഞ്ഞു. മിരായ വദ്ര (18), റൈഹാൻ വദ്ര (20) എന്നിവരാണ് പ്രിയങ്കയുടെ മക്കൾ. കുട്ടിക്കാലത്ത് ചേട്ടൻ രാഹുൽ ഗാന്ധിയുമായി പൊരിഞ്ഞ അടിയായിരുന്നുവെന്നും പ്രിയങ്ക ചിരിയോടെ പറഞ്ഞു. എന്നാൽ അതിൽ പുറത്തുനിന്ന് ആരെങ്കിലും ഇടപെടാൻ ശ്രമിച്ചാൽ താനും ചേട്ടനും ഒറ്റക്കെട്ടായി അവരെ നേരിടുമായിരുന്നു. തീരുമാനങ്ങളെടുക്കുന്നതിൽ തൻറെ കുടുംബത്തിൽ അപാര ജനാധിപത്യമായിരുന്നു. എല്ലാ അംഗങ്ങളും അഭിപ്രായം പ്രകടിപ്പിക്കുന്നത് പതിവായിരുന്നെന്നും പ്രിയങ്ക പറയുന്നു.