തിരുവനന്തപുരം: ലോക്‌സഭയിലെ പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യം പ്രതിപക്ഷത്തെ ശക്തിപ്പെടുത്തുമെന്ന് കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. പ്രിയങ്ക കേരളത്തിൽ നിന്ന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇറങ്ങാൻ തീരുമാനിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധി റായ്ബറേലി നിലനിർത്തേണ്ടതുണ്ടെന്ന് കരുതുന്നതായും ഇത് ഉത്തർപ്രദേശിലെയും ഉത്തരേന്ത്യയിലെയും ജനങ്ങൾക്ക് വളരെ പ്രധാനപ്പെട്ട സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. വാരാണസിയിലും പ്രിയങ്കക്ക് മികച്ച സ്ഥാനാർഥിയാകാൻ കഴിയുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തിരുവനന്തപുരം ജില്ലാ കോൺഗ്രസ് നേതാക്കളുടെ പ്രകടനത്തിൽ നിരാശ പ്രകടിപ്പിച്ച് എ.ഐ.സി.സിക്ക് പരാതി നൽകിയോ എന്ന പിടി.ഐയുടെ ചോദ്യത്തിന് ആരോടും പരാതി പറഞ്ഞിട്ടില്ലെന്നും എല്ലാവരും അവരവരുടെ പ്രവൃത്തികൾ നന്നായി ചെയ്തെന്നുമായിരുന്നു തരൂരിന്‍റെ മറുപടി.