യുക്രെെൻ : യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ പിന്തുണയ്ക്കുന്ന പാകിസ്താൻ നയത്തിൽ പ്രതിഷേധിച്ച് ദേശീയ സുരക്ഷ ഉപദേഷ്ടാവ് മുഈദ് യൂസുഫിന്റെ സന്ദർശനം യു.കെ റദ്ദാക്കി. അടുത്ത ആഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന സന്ദർശനം യു.കെ സർക്കാർ ഏകപക്ഷീയമായാണ് റദ്ദാക്കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുദ്ധ പശ്ചാത്തലത്തിൽ യു.എൻ ജനറൽ അസംബ്ലിയിലെ പ്രത്യേക സെഷനിൽ റഷ്യൻ നടപടിയെ അപലപിക്കണമെന്ന് പാകിസ്താനിൽ പ്രവർത്തിക്കുന്ന യൂറോപ്യൻ യൂണിയന്റെ വിദേശ ദൗത്യ സംഘത്തലവന്മാർ അഭ്യർഥിച്ചിരുന്നെങ്കിലും പാക് സർക്കാർ വഴങ്ങിയിരുന്നില്ല. യു.കെയുടെ നടപടി നയതന്ത്ര വിരുദ്ധവും അസ്വീകാര്യവുമാണെന്ന് പാകിസ്താൻ പ്രതികരിച്ചു. അതേസമയം യുക്രൈനില്‍ റഷ്യന്‍ അധിനിവേശം തുടരുമ്പോൾ സമാധാന ചര്‍ച്ചയ്‌ക്കൊരുങ്ങി ഇരു രാജ്യങ്ങളും.
റഷ്യ-യുക്രെെൻ മൂന്നാം ഘട്ട സമാധാന ചർച്ച തിങ്കളാഴ്ച നടക്കും. ചർച്ചയ്ക്ക് യുക്രെെൻ സന്നദ്ധത അറിയിച്ചിരുന്നു. സേനാപിന്മാറ്റമടക്കമുള്ള വിഷയങ്ങളിലാണ് ചർച്ച നടക്കുക. നേരത്തെ നടന്ന രണ്ടാം വട്ട ചർച്ചയിൽ യുക്രെെനില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരെ ഒഴിപ്പിക്കാൻ ധാരണയായിരുന്നു. മൂന്നു മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിൽ മനുഷത്വ ഇടനാഴിയിൽ തീരുമാനമായെന്ന് യുക്രെെൻ പ്രതിനിധി അറിയിച്ചിരുന്നു. എന്നാൽ രണ്ടാംവട്ട ചർച്ചയിലും തൃപ്തനല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.